കടയിൽ കഞ്ചാവ് കൊണ്ടുവെച്ച് കുടുക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ

മാനന്തവാടി : മാനന്തവാടി ടൗണിലെ പി.എ ബനാന എന്ന സ്ഥാപനത്തില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കടയുടമയായ യുവാവിനെ കുടുക്കാനായി കടയില്‍ കഞ്ചാവ് കൊണ്ടുവെച്ച സംഘത്തിലെ ഓട്ടോറിക്ഷ ഡ്രൈവറായ പയ്യമ്പള്ളി കൊല്ലശ്ശേരിയില്‍ ജിന്‍സ് വര്‍ഗീസ് (38) ആണ് അറസ്റ്റിലായത്.
കേസിലെ മറ്റ് പ്രതികളായ ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ അബൂബക്കര്‍, ഔത എന്ന അബ്ദുള്ള, കര്‍ണാടക സ്വദേശിയായ ഒരാള്‍ എന്നിവരെ പിടികൂടാനുണ്ട്.
കടയുടമയായ നൗഫലിന്റെ പിതാവായ അബൂബക്കര്‍ മകനോടുള്ള വൈരാഗ്യം മൂലം കഞ്ചാവ് കേസില്‍ കുടുക്കുന്നതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് സംഘം രഹസ്യമായി 2.095 കിലോഗ്രാം കഞ്ചാവ് പ്രസ്തുത കടയില്‍ കൊണ്ട് വെച്ച ശേഷം എക്‌സൈസിന് രഹസ്യവിവരം നല്‍കിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍ കഞ്ചാവ് കണ്ടെടുത്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്.
നടപടിക്രമങ്ങളുടെ ഭാഗമായി കടയുടമ നൗഫലിനെ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് അന്ന് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ അന്വേഷണം നടത്തിയതില്‍ മേല്‍ കഞ്ചാവിനെകുറിച്ച് നൗഫലിന് അറിവില്ല എന്നും തന്നോട് വ്യക്തി വൈരാഗ്യമുള്ള മറ്റാരെങ്കിലും താന്‍ കടയില്‍ ഇല്ലാതിരുന്ന സമയത്ത് കൊണ്ടുവച്ചതാവാം എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സിസി ടിവിയും സാക്ഷി മൊഴികളും മറ്റും പരിശോധിച്ചു അന്വേഷണം നടത്തിയതില്‍ നൗഫലിന്റെ നിരപരാധിത്വം വ്യക്തമാകുകയായിരുന്നു. നൗഫലിനെ കോടതിയില്‍ ഹാജരാക്കിയതില്‍ മേല്‍ കാര്യം കോടതിക്കും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നൗഫലിനെ ജാമ്യത്തില്‍ വിട്ടിരുന്നു.
കടയില്‍ കഞ്ചാവ് ഒളിപ്പിച്ച് മനപ്പൂര്‍വ്വം നൗഫലിനെ പ്രതിയാക്കാന്‍ ശ്രമിച്ചവരെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും പരിശോധിച്ചതില്‍ കെ.എല്‍ 12 ജി 9032 എന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറായ ജിന്‍സിലേക്കെത്തുകയായിരുന്നു.
ഇയാളെ വിശദമായി ചോദ്യംചെയ്‌പോപ്പോഴാണ് കടയുടെ ഉടമയായ നൗഫലിന്റെ പിതാവായ അബൂബക്കറിന് നൗഫലിനോട് കുടുംബപരമായ പ്രശ്‌നങ്ങളില്‍ വൈരാഗ്യം ഉള്ളതായി ബോധ്യപ്പെട്ടത്.
നൗഫലിനെ കഞ്ചാവ് കേസില്‍പ്പെടുത്തി ജയിലിലാക്കുക എന്ന ലക്ഷ്യത്തോടെ അബൂബക്കറും അബൂബക്കറിന്റെ സുഹൃത്തായ ഔത ( അബ്ദുള്ള ) എന്നയാളും, ജിന്‍സ് വര്‍ഗീസും അബൂബക്കറിന്റെ പണിക്കാരനായ കര്‍ണാടക അന്തര്‍സന്ധ സ്വദേശിയായ ഒരാളും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച പ്രകാരം ഗൂഢാലോചന നടത്തിയ ശേഷം ജിന്‍സ് വര്‍ഗീസിന്റെ ഓട്ടോറിക്ഷയില്‍ കഞ്ചാവ് കൊണ്ടുവന്ന് നൗഫലിന്റെ ഉടമസ്ഥതയിലുള്ള പി.എ ബനാന എന്ന സ്ഥാപനത്തില്‍ കൊണ്ടുവെച്ചതാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമായി.
ഇതിനെ തുടര്‍ന്ന് ജിന്‍സ് വര്‍ഗീസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി-II ല്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട മറ്റുപ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് എക്‌സൈസ് വ്യക്തമാക്കി.