കേരളം ഒറ്റയ്ക്കല്ല, രാജ്യം ഒപ്പമുണ്ട് ; പണമില്ലാത്തതിനാല്‍ പുനരധിവാസം മുടങ്ങില്ല : സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി
1 min read
കല്‍പ്പറ്റ : ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല. താന്‍ പല ദുരന്തങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ തനിക്ക് മനസിലാകും. ദുരന്തത്തില്‍ നൂറ് കണക്കിനാളുകള്‍ക്കാണ് എല്ലാം നഷ്ടമായത്. ദുരന്തത്തില്‍ എല്ലാനഷ്ടമായവരെ സംരക്ഷിക്കുയെന്നത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്നും പണമില്ലാത്തതിനാല്‍ പുനരധിവാസം മുടങ്ങില്ലന്നും അദ്ദേഹം പറഞ്ഞു
ദുരന്തബാധിത പ്രദേശങ്ങളായ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്ബിലെത്തി ദുരിതബാധിതരായ ഒന്‍പതുപേരെ പ്രധാനമന്ത്രി നേരില്‍ കണ്ടാശ്വസിപ്പിച്ചു. വിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരേയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സൈന്യം ചൂരല്‍മലയില്‍ നിര്‍മ്മിച്ച ബെയ്‌ലി പാലത്തിലൂടെ പ്രധാനമന്ത്രി നടക്കുകയും ചെയ്തു. വയനാട് കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മോദി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മടങ്ങി. അവിടെ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.
വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ ദുരന്തഭൂമിയില്‍ ആകാശനിരീക്ഷണം നടത്തിയശേഷമാണ് അദ്ദേഹം ചൂരല്‍മലയിലെത്തിയത്. കല്പറ്റയിലെ എസ്.കെ.എം.ജെ. സ്‌കൂള്‍ മൈതാനത്തെ ഹെലിപാഡില്‍ ഇറങ്ങിയ മോദി അവിടെനിന്ന് റോഡ് മാര്‍ഗമാണ് ദുരന്തമുണ്ടായ ചൂരല്‍മലയില്‍ എത്തിയത്.