മൂന്നാംദിനം വരെ കണ്ടെടുത്തത് 297 മൃതദേഹങ്ങൾ : കാണാമറയത്ത് ഇനിയും 200 ലേറെ പേർ ; ഇന്ന് ആറ് സോണുകളായി തിരിഞ്ഞ് പരിശോധന
മേപ്പാടി : വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 297 ആയി. 200 ലധികം ആളുകളാണ് ഇനിയും കാണാമറയത്ത് തുടരുന്നത്. 192 പേരാണ് പരിക്കുകളോടെ ചികിത്സയിലുള്ളത്.
മൂന്നാംദിന രക്ഷാപ്രവര്‍ത്തനം വ്യാഴാഴ്ച രാവിലെ പുനരാരംഭിച്ചു. സൈന്യത്തിന്റെയും പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്. ദുരന്തത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
189 മരണങ്ങളാണ് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചത്. ഇതിൽ 85 പുരുഷന്‍മാരും 76 സ്ത്രീകളും 27 കുട്ടികളും ഉള്‍പ്പെടും. ഒരു മൃതദേഹത്തിന്റെ ആണ്‍-പെണ്‍ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 107 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
ശരീര ഭാഗങ്ങള്‍ ഉള്‍പ്പെടെ 279 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 100 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. 225 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. 129 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി . വയനാട്ടില്‍ 91 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.
അപകടം നടന്ന സ്ഥലത്ത് നിന്ന് 70 കിലോ മീറ്റര്‍ അകലെ മലപ്പുറം കോഴിക്കോട് അതിര്‍ത്തിക്കടുത്ത് മാവൂരിലെ മണന്ത കടവില്‍ നിന്ന് കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയുടെ മൃതദേഹവും ലഭിച്ചിരുന്നു.
രണ്ടുദിവസം പഴക്കമുണ്ടെന്ന് സംശയിക്കുന്ന മൃതദേഹമാണ് ലഭിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മണന്തലക്കടവിന് സമീപത്ത് പൊങ്ങി നില്‍ക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഇതിനോടകം തന്നെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.
വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെ ഉരുള്‍പൊട്ടല്‍ ബാധിച്ചതായാണ് വിവരം.
രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമിച്ച ബെയ്‌ലി പാലം വ്യാഴാഴ്ച വൈകീട്ട് തുറന്നു. വാഹനങ്ങള്‍ കടത്തിവിട്ടു. കൂടുതല്‍ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളെത്തിച്ച് തിരച്ചില്‍ ഊർജിതമാക്കും. ചൂരല്‍ മലയേയും മുണ്ടക്കൈയേയും ബന്ധിപ്പിക്കും. സൈന്യത്തിന്റെ എൻജിനിയറിങ് വിഭാഗം 35 മണിക്കൂർ കൊണ്ടാണ് പാലം നിർമാണം പൂർത്തിയാക്കിയത്. 190 അടി നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകും.10 അടി വലിപ്പമുള്ള ഗർഡറുകള്‍ ഉപയോഗിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്.
ഉരുൾപൊട്ടൽ മേഖലകളിൽ ഇന്ന് ആറ് സോണുകളായി തിരിഞ്ഞ് പരിശോധന നടത്തും. ബെയ്ലി പാലത്തിൻ്റെ പണി പൂർത്തീകരിച്ചതോടെ ഇന്നുമുതൽ കൂടുതൽ യന്ത്രസാമഗ്രികൾ തിരച്ചിലിനായി ഉപയോഗപ്പെടുത്തുമെന്ന് റവന്യുമന്ത്രി കെ.രാജൻ പറഞ്ഞു. ഇന്നലെ രാത്രിയിൽ നടന്ന മന്ത്രിസഭ ഉപസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. സമയബന്ധിതമായി ബെയ്ലി പാലം നിർമ്മിച്ച സൈന്യത്തിന് നന്ദിയും അർപ്പിച്ചു.