മുണ്ടക്കൈ ദുരന്തം : മരണ സംഖ്യ 291 ആയി : മണ്ണിനടിയില്‍ അകപ്പെട്ടവരെ തേടി മൂന്നാംനാളും തിരച്ചില്‍ ഊര്‍ജ്ജിതം
മേപ്പാടി : നാടിനെ നടുക്കിയ മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 291 ആയി. 240 ഓളം പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 195 പേര്‍ പരുക്കുകളോടെ ആശുപത്രികളില്‍ ചികിത്സയിലാണ്. മണ്ണിനടിയില്‍ അകപ്പെട്ടവരെ തേടി മൂന്നാം നാളും ഊര്‍ജ്ജിതമായ തിരച്ചില്‍ നടക്കുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിനായി മുണ്ടക്കൈയിലേക്ക് കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കും. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്താന്‍ കഴിയുന്ന യന്ത്ര സഹായത്തോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. വനം വകുപ്പും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തിനെത്തും. മീററ്റില്‍ നിന്നും എത്തിയ സ്‌നിഫര്‍ നായകളും രക്ഷാ പ്രവര്‍ത്തനത്തിനുണ്ടാകും. ഡ്രോണ്‍ പരിശോധനക്ക് റിട്ടയര്‍ മേജര്‍ ജനറല്‍ ഇ ഇന്ദ്രപാല്‍ വയനാട്ടിലെത്തും.
ചൂരല്‍ മലയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബെയ്‌ലി പാലം അവസാനഘട്ടത്തിലാണ്. മുണ്ടക്കൈ, ചൂരല്‍മല പുഞ്ചിരിമട്ടം, ചാലിയാര്‍ പുഴ എന്നിവ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനവും തിരച്ചിലും നടത്തുന്നത്. ഉരുള്‍പ്പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം പ്രദേശം പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലാണ്. സ്ഥലത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്.