September 20, 2024

കല്‍പ്പറ്റയിലെ സ്പായില്‍ റെയ്ഡ് : വില്‍പ്പനക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

1 min read
Share

 

കല്‍പ്പറ്റ : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ വില്‍പന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തില്‍ സ്പാ കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡില്‍ രണ്ടു പേരെ പിടികൂടി. കോഴിക്കോട് സ്വദേശികളായ ഓമശ്ശേരി, പടിഞ്ഞാറെതൊടുക, മുഹമ്മദ് റാഷിദ്(34), മുക്കം, പറങ്ങോട്ടില്‍ വീട്ടില്‍ പി. മുസ്തഫ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

 

കവറടക്കം 3.88 ഗ്രാം എം.ഡി.എം.എയാണ് രണ്ട് പേരില്‍ നിന്നായി പിടിച്ചെടുത്തത്. എം.ഡി.എം.എ വില്‍പന നടത്തി നേടിയ 91000 രൂപയും, എം.ഡി.എം.എ തൂക്കി തിട്ടപ്പെടുത്തുന്നതിനുള്ള പോക്കറ്റ് ത്രാസും, എം.ഡി.എം.എ നല്‍കുന്നതിനായുള്ള ട്രാന്‍സ്പരന്റ് പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു. കൈനാട്ടി സ്റ്റൈലോ സ്പായില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

 

വയനാട് ജില്ലകളിലേക്കെത്തുന്ന വിേനാദസഞ്ചാരികളെ വിവിധ ഹോംസ്റ്റേകളിലേക്ക്് എത്തിക്കുന്ന ജോലിയുള്ള റാഷിദ് കസ്റ്റമേഴ്സിന് ആവശ്യമെങ്കില്‍ അടിവാരത്ത് പോയി എം.ഡി.എം.എ വാങ്ങി നല്‍കുന്നയാളാണ്. ഇവര്‍ക്ക് വേണ്ട അളവില്‍ തൂക്കി നല്‍കുന്നതിനാണ് ത്രാസ് ഇവര്‍ കൈവശം വെച്ചിരുന്നത്. തൂക്കിയ എം.ഡി.എം.എ നല്‍കുന്നതിനായുള്ള കവറുകളും കണ്ടെടുത്തു. കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ടി. അനീഷ്, പി.സി. റോയ് പോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സുധി, ജയേഷ്. സിവില്‍ പോലീസ് ഓഫിസര്‍ ടി. അനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിേശാധന.

 

നിരോധിത മയക്കുമരുന്നുകള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കര്‍ശന പരിശോധനയും നടപടികളും വയനാട് പോലീസ് തുടരുകയാണ്. ജൂലൈ മാസത്തില്‍ മാത്രം എം.ഡി.എം.എ പിടികൂടുന്ന അഞ്ചാമത്തെ കേസാണിത്. അഞ്ച് കേസുകളിലായി ഇതുവരെ എട്ടു പേര്‍ പിടിയിലായി. കഴിഞ്ഞ ദിവസം കല്‍പ്പറ്റയിലെ റസിഡന്‍സിയില്‍ നിന്ന് എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ യുവാവിനെയും യുവതിയേയും പിടികൂടിയിരുന്നു. താമരശ്ശേരി, കാപ്പുമ്മല്‍ വീട്ടില്‍ അതുല്‍(30), കൂടത്തായി, പൂവോട്ടില്‍ വീട്ടില്‍ പി.വി. ജിഷ(33) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 0.4 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.

 

ജൂലൈ നാലിന് കാട്ടിക്കുളത്ത് വെച്ച് തിരുനെല്ലി പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് കൊമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എ പിടികൂടിയിരുന്നു. കര്‍ണാടക ഭാഗത്ത് നിന്നും കാറില്‍ കടത്തുകയായിരുന്ന 148.05 ഗ്രാം എം.ഡി.എം.എയാണ് രണ്ട് പേരില്‍ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട്, താമരശ്ശേരി, കിഴക്കോത്ത് വില്ലേജ്, പുത്തന്‍പീടികയില്‍ വീട്ടില്‍ ഹബീബ് റഹ്‌മാന്‍(45), മലപ്പുറം, ഏറനാട്, മത്തങ്ങാപൊയില്‍ വീട്ടില്‍, പി. ദിപിന്‍(36) എന്നിവരെ അറസ്റ്റും ചെയ്തു.

 

ജൂലൈ 11 ന് തോല്‍പ്പെട്ടി പോലീസ് ചെക്ക് പോസ്റ്റില്‍ വെച്ച് വാഹന പരിശോധനക്കിടെ കൊമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എ പിടികൂടിയിരുന്നു. വിപണിയില്‍ 8 ലക്ഷത്തോളം വില മതിക്കുന്ന 265.55 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പുല്ലൂര്‍ പാറപ്പള്ളി വീട്ടില്‍ മുഹമ്മദ് സാബിര്‍(31) നെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

 

ജൂലൈ 11ന് തന്നെ മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെ എം.ഡി.എം.എ കണ്ടെത്തിയിരുന്നു. വിദേശ കറന്‍സിയില്‍ പൊതിഞ്ഞ നിലയില്‍ .06 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട്, മേപ്പയൂര്‍, പാറക്കണ്ടി വീട്ടില്‍ പി.കെ. റമീസ് (24) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. വരും ദിവസങ്ങളിലും വയനാട് ജില്ലയിലുടനീളം പോലീസിന്റെ പരിശോധനകള്‍ തുടരും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.