വായ്‌പനൽകിയ പണം തിരിച്ചുചോദിച്ചതിന് വയോധികന് ക്രൂരമർദനം : ഒരാൾ അറസ്റ്റിൽ
പുൽപ്പള്ളി : വായ്പനൽകിയ പണം തിരിച്ചു ചോദിച്ചതിന് വയോധികന് ക്രൂരമർദനം. വാങ്ങിയ പണം തിരിച്ചുനൽകാമെന്നു പറഞ്ഞ് വയോധികനെ വീട്ടിലേക്കു വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. വാഹനം കൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം നടത്തിയ മർദനത്തിൽ വയോധികൻ്റെ കാൽ അറ്റുതൂങ്ങി. പെരിക്കല്ലൂർ ചാത്തം കോട്ട് ജോസഫ് (ജോബിച്ചൻ-60) ആണ് അക്രമത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പെരിക്കല്ലൂർ പുതുശ്ശേരി റോജിയെ (45) പുല്പള്ളി പോലീസ് അറസ്റ്റുചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അക്രമത്തിലുൾപ്പെട്ട റോജിയുടെ സഹായി ഒളിവിലാണ്.
ബുധനാഴ്ച രാവിലെ ആറുമണിയോടെ പെരിക്കല്ലൂരിലുള്ള റോജിയുടെ വീട്ടുവളപ്പിലാണ് അക്രമം നടന്നത്. സുഹൃത്തുക്കളായ ജോസഫും റോജിയും തമ്മിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ജോസഫ് റോജിക്ക് നൽകിയ പണം തിരിച്ചു നൽകാത്തതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞദിവസമാണ് ജോസഫിനോട് ബുധനാഴ്ച രാവിലെ വീട്ടിലെത്തിയാൽ പണം തിരിച്ചുനൽകാമെന്നു പറഞ്ഞത്. ഇതുപ്രകാരം രാവിലെ ആറുമണിയോടെ സ്കൂട്ടറുമായി റോജിയുടെ വീട്ടു വളപ്പിലേക്കുകടന്ന ജോസഫിനെ റോജി ഓമിനി വാൻകൊണ്ട് ഇടിച്ചുവീഴ്ത്തി. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ ജോസഫിനെ റോജിയും ഇയാളുടെ സഹായിയും ചേർന്ന് തൂമ്പയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയാ യിരുന്നു.
അക്രമത്തിൽ ജോസഫിന്റെ വലതുകാലിന്റെ പാദത്തിന് മുകൾ ഭാഗത്തുവെച്ച് അറ്റുതൂങ്ങി. മർദനമേറ്റ് വീട്ടുമുറ്റത്ത് അവശനായിക്കിടന്ന ജോസഫിനെ റോജിയും സഹായിയും എടുത്തുകൊണ്ടുപോയി സമീപത്തെ കൃഷിയിടത്തിൽവെച്ചും മർദിച്ചു. വിവരമറിഞ്ഞ് രാവിലെ ഏഴു മണിയോടെ പുല്പള്ളിയിൽനിന്ന് പോലീസ് എത്തിയാണ് ജോസഫിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. സംഭവസ്ഥലത്തു വെച്ചുതന്നെ റോജിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും സ്ഥലത്ത് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെട്ട റോജിയുടെ സഹായിക്കായി പുല്പള്ളി എസ്.ഐ. എച്ച്. ഷാജഹാൻ്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സാരമായി പരിക്കേറ്റ ജോസഫിനെ ആദ്യം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്‌ധചി കിത്സ ആവശ്യമായതിനാൽ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.