യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചു : യുവാക്കൾ അറസ്റ്റിൽ
പുൽപ്പള്ളി : മദ്യലഹരിയിൽ അക്രമിസംഘം ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്, ദളിത് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തു. കാപ്പിക്കുന്ന് പാറപ്പുറത്ത് പി.ടി. ജിത്തു (26), മീനംകൊല്ലി തെറ്റിക്കോട്ടിൽ ടി.ജെ. ബിജോബിൻ (24) എന്നിവരെയാണ് പുൽപ്പള്ളി എസ്.ഐ. എച്ച്. ഷാജഹാൻ്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. രക്ഷപ്പെട്ട മറ്റു നാലുപ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
അക്രമികൾ തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. എരിയപ്പള്ളി ഗാന്ധിനഗർ കോളനിയിലെ വരദൻ, സുഹൃത്തുക്കളായ പ്രകാശ്, അജിത്ത് എന്നിവരാണ് അക്രമത്തിനിരയായത്. വെള്ളിയാഴ്ച രാത്രി 10.30-ഓടെ ടൗണിലുള്ള സ്വകാര്യബാറിന്റെ പാർക്കിങ് ഗ്രൗണ്ടിലായിരുന്നു അക്രമസംഭവങ്ങൾക്ക് തുടക്കം. അക്രമികളുടെ കാർ മറ്റൊരു വാഹനവുമായി തട്ടിയതിനെത്തുടർന്ന് പാർക്കിങ് ഗ്രൗണ്ടിൽ ചെറിയ സംഘർഷമുണ്ടായിരുന്നു. ഇവരുടെ വാഹനങ്ങൾക്ക് സമീപമാണ് വരദനും സുഹൃത്തുക്കളുമെത്തിയ ബൈക്ക് നിർത്തിയിട്ടിരുന്നത്. കാറുകൾ എടുത്തുമാറ്റാതെ ബൈക്ക് പുറത്തേക്ക് കൊണ്ടുപോകാൻ കഴിയാത്തതിനാൽ വരദനും സുഹൃത്തുക്കളും പാർക്കിങ് ഗ്രൗണ്ടിൽത്തന്നെ നിൽക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു പ്രകോപനവുമില്ലാതെ അക്രമികൾ തങ്ങളെ മർദിച്ചതെന്ന് പരാതിക്കാർ ആരോപിച്ചു.
അക്രമികളുമായി തർക്കത്തിലേർപ്പെട്ടിരുന്ന കാറിലുണ്ടായിരുന്ന സംഘത്തോടൊപ്പമുള്ളവരാണെന്ന് തെറ്റിദ്ധരിച്ചാവും അവർ തങ്ങളെ മർദിച്ചതെന്ന് യുവാക്കൾ പറഞ്ഞു.
അടികൊണ്ട് യുവാക്കൾ രക്ഷപ്പെടാനായി ബൈക്ക് പാർക്കിങ് ഗ്രൗണ്ടിൽ ഉപേക്ഷിച്ച്, ഊടുവഴികളിലൂടെ ഓടി ടൗണിലെ അനശ്വരജങ്ഷനിലെ തട്ടു കടയ്ക്ക് സമീപമെത്തി. എന്നാൽ, അക്രമികൾ ഇവരെ പിന്തുടർന്നെത്തി വീണ്ടും മർദിക്കുകയായിരുന്നു. ഇതോടെ യുവാക്കൾ പലവഴിക്കായി ചിതറിയോടി രക്ഷപ്പെട്ടു. ടൗണിലെ ബസ്സ്റ്റാൻഡിനുള്ളിൽ കയറിയൊളിച്ച വരദനെ അക്രമികൾ അവരുടെ കാറിൽ ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടു പോവുകയായിരുന്നു.
ടൗണിലെ സംഘർഷവിവരമറിഞ്ഞ്
പോലീസ് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. താന്നിത്തെരുവ് റോഡിലെ ശ്രീനാരായണ ഗുരുദേവമന്ദിരത്തിന് സമീപമെത്തിയ അക്രമികൾ വാഹനം പാതയോരത്ത് നിർത്തിയശേഷം, രക്ഷപ്പെട്ട സുഹൃത്തുക്കളെ ഫോണിൽ വിളിച്ചുവരുത്തണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി വരദനെ വീണ്ടും മർദിച്ചു. അക്രമികളെ പിന്തുടർന്നെത്തിയ പോലീസിനെ കണ്ടതോടെ വാഹനത്തിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടുപേർ പിടിയിലായി.
മറ്റുനാലുപേർ ഊടുവഴികളിലൂടെ ഓടിരക്ഷപ്പെട്ടു. അക്രമത്തിൽ പരിക്കേറ്റ വരദനും സുഹൃത്തുക്കളും പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി.