കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് 52 വയസുകാരി മരണപ്പെട്ട സംഭവം : യുവാവിന് തടവും പിഴയും
കല്‍പ്പറ്റ: കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് 52 വയസുകാരി മരണപ്പെട്ട സംഭവത്തില്‍ യുവാവിന് മൂന്നര വര്‍ഷം തടവും 10,000 രൂപ പിഴയും. തോമാട്ടുച്ചാല്‍, കടല്‍മാട്, കെ. മനു(28)വിനെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എം. നസീറ ശിക്ഷിച്ചത്.
2018 നവംബര്‍ മാസത്തിലാണ് സംഭവം. മനുവിന്റെ അച്ഛന്റെ സഹോദരിയായ കല്ല്യാണിയാണ് മരണപ്പെട്ടത്. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ മനു വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. മന:പൂര്‍വമല്ലാത്ത നരഹത്യക്കും ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. അന്നത്തെ അമ്പലവയൽ സബ് ഇന്‍സ്‌പെക്ടറായിരുന്ന എം. അബ്ബാസ് അലി ആദ്യ അന്വേഷണം നടത്തിയ കേസില്‍ അന്നത്തെ സി.ഐ ജേക്കബ് കുറ്റപത്രം സമര്‍പ്പിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ എം.കെ. ജയപ്രമോദ് ഹാജരായി.