മോഷണക്കേസുകളിലെ സ്ഥിരംപ്രതി അറസ്റ്റിൽ
കൽപ്പറ്റ: സംസ്ഥാനത്തെ ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി പിടിയിൽ. മഞ്ചേരി ചരണി മേലതിൽ വീട്ടിൽ അബ്ദുൾ കബീർ (55) ആണ് അറസ്റ്റിലായത്. നിലവിൽ തമിഴ്‌നാട് ബിദർക്കാടാണ് ഇയാൾ താമസിക്കു ന്നത്.
കഴിഞ്ഞ ജനുവരി 28-ന് രാത്രി കൽപ്പറ്റയിലെ അമൃത് ഡ്രൈ ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റിലായത്. പിറകുവശത്തെ വാതിൽ പൊളിച്ച് അകത്തുകയറി സ്ഥാപനത്തിനകത്തെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന 29,000 രൂപയും 2800 രൂപ വിലവരുന്ന മോഡവുമാണ് കവർന്നത്.
സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ബുധനാഴ്ച രാത്രി സംശയാസ്പദമായ രീതിയിൽ സുൽത്താൻ ബത്തേരി ടൗണിൽ കണ്ട ഇയാളെ ബത്തേരി പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് കൽപ്പറ്റ പോലീസിന് കൈമാറുകയുമായിരുന്നു.
ഇയാൾക്ക് കല്പറ്റ, മീനങ്ങാടി സ്റ്റേഷനുകളിലും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കല്പറ്റ എസ്.ഐ. ടി. അനീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.