സ്ഥലതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം ; മൂന്ന് പേർ പിടിയിൽ
കല്‍പ്പറ്റ : സ്ഥലതര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധത്തില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവില്‍ പോയ രണ്ട് പേരെ കല്‍പ്പറ്റ പോലീസ് കോയമ്പത്തൂരില്‍ നിന്ന് പിടികൂടി. ഒരാള്‍ കോടതിയില്‍ കീഴടങ്ങി. മേപ്പാടി സ്വദേശികളായ താഴെ അരപ്പറ്റ പനത്തങ്ങത്തുപ്പടി വീട്ടില്‍ വി. അജീഷ് (27), മുക്കില്‍പീടിക, പനങ്ങാടന്‍കുന്നത്ത് വീട്ടില്‍ മുഹമ്മദ് ഷഫീക്ക് (29) എന്നിവരെയാണ് കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. വിഷ്ണുവാണ് കീഴടങ്ങിയത്.
സംഭവം നടന്നയുടന്‍ സയന്റിഫിക് ഓഫിസറും ഫിംഗര്‍പ്രിന്റ് എക്സ്പേര്‍ട്സും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിനൊടുവില്‍ ഒളിവില്‍ പോയ പ്രതികളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
മെയ് 27 ന് ഉച്ചയോടെയാണ് സംഭവം. പെരുന്തട്ട സ്വദേശിയായ സുരേഷിനാണ് കുത്തേറ്റത്. സുരേഷിന്റെയും വിഷ്ണുവിന്റെയും അമ്മമാര്‍ തമ്മിലുള്ള സ്ഥല തര്‍ക്കത്തെ തുടര്‍ന്നുള്ള വിരോധമാണ് അക്രമണത്തിന് കാരണം. മൂന്ന് പേരും ബീര്‍കുപ്പികളും കത്തിയുമെടുത്ത് സുരേഷിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് അക്രമണം നടത്തിയത്. ഹാളില്‍ ഇരിക്കുകയായിരുന്ന സുരേഷിന്റെ തലക്കും മുഖത്തും നെറ്റിക്കും ഇവര്‍ ബിയര്‍കുപ്പികള്‍ കൊണ്ടടിച്ചു. അടി കൊണ്ട് തളര്‍ന്നയാളെ പുറത്തേക്ക് കൊണ്ടു പോകുന്നതിനിടെ സുരേഷിന്റെ കഴുത്തിന് പിറകില്‍ കുത്തുകയും ചെയ്തു. എ.എസ്.ഐ ജയകുമാര്‍, എസ്.സി.പി.ഒമാരായ നജീബ്, സുമേഷ്, സി.പി.ഒ ജുനൈദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.