കാട്ടാനയെ തുരത്തുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു
നടവയൽ : കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. നടവയൽ ചീരവയൽ പുലയംപറമ്പിൽ ബെന്നി (56) ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ച പുലർച്ചെ ചീരവയലിലെ വീടിന് സമീപത്തെ നെല്പാടത്ത് ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് ഇയാൾക്ക് പരിക്കേറ്റത്. നെൽക്കൃഷി നശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ബെന്നിക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാട്ടുപന്നികൾ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാൻ ഒരുക്കിയ കമ്പിയിൽ തട്ടി തെറിച്ചുവീണു. വീണ്ടും എഴുന്നേറ്റ് ഓടി രക്ഷപ്പെടുകയായിരുന്നു. കമ്പി കൊണ്ട് ബെന്നിയുടെ കാലിന് മുറിവേറ്റു. പരിക്കേറ്റ ബെന്നി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
മുറിവിൽ നിന്നുണ്ടായ അണുബാധയാണ് മരണകാരണം എന്നാണ് ലഭ്യമായ വിവരം. ബെന്നിയുടെയും സമീപവാസിയായ വാഴപ്പറമ്പിൽ ബിനുവിന്റെ വയലിലും അന്ന് കാട്ടാന ഇറങ്ങിയിരുന്നു. ചെക്കിട്ട യിലെ വനാതിർത്തി ഭാഗത്തെ കൽമതിൽ പൊളിഞ്ഞു കിടക്കുന്നതാണ് ഈ ഭാഗത്ത് കാട്ടാനകൾ ഇറങ്ങാൻ കാരണമായി പറയുന്നത്.