September 20, 2024

പരിമിതികളെ അതിജീവിച്ച അഷ്റിൻ ലിയാനയ്ക്ക് മിന്നും ജയം

1 min read
Share

 

പനമരം : സുഷുമ്ന നാഡികളെ ബാധിക്കുന്ന അപൂർവ്വംരോഗം ബാധിച്ച് കിടപ്പിലായിരുന്ന അഷ്റിൻ ലിയാനയ്ക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നും ജയം. ഒൻപത് എ പ്ലസ്സും ഹിന്ദിയിൽ എ ഗ്രേഡും ലഭിച്ചു. ഒരു വിഷയത്തിൽ എ പ്ലസ് നഷ്ടമായ ലിയാന വ്യാഴാഴ്ച പുനർമൂല്യനിർണയത്തിന് കൊടുത്തു.

 

 

പനമരം ഡിപ്പോ പരക്കുനിയിലെ കോന്തിയോടൻ അസീസ് – സക്കീന ദമ്പതിമാരുടെ മൂത്തമകളായ അഷ്റിൻ ലിയാനയ്ക്ക് 2018 ൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ( Transverse myelitis ) ട്രാൻസ്വേഴ്സ് മൈലൈറ്റിസ് എന്ന അപൂർവ്വരോഗം ബാധിക്കുന്നത്. സുഷുമ്നാ നാഡിയുടെ ഒരു ഭാഗത്തിൻ്റെ ഇരുവശങ്ങളിലുമുള്ള വീക്കം ആണ് ട്രാൻസ്വേർസ് മൈലിറ്റിസ്.

 

തുടക്കത്തിൽ കടുത്ത തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ട ലിയാന പനമരത്തെ സ്വകാര്യ ആശുപത്രിയിലും, മാനന്തവാടി ജില്ലാ ആശുപത്രിയിലും ചികിത്സതേടി. ആരോഗ്യനില വശളായതിനാൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. കോളേജിൽ രണ്ടാഴ്ച തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞു. തുടർന്ന് രണ്ടുമാസം ആശുപത്രിയിൽ കഴിയേണ്ടിവന്നു. ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയെങ്കിലും ഇരുകാലുകൾക്കും ബലക്ഷയം സംഭവിച്ചിരുന്നു. നട്ടെല്ലിന് നീർക്കെട്ട് ബാധിച്ച് ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയായി. മൂന്ന് വർഷം വീട്ടിൽ എയർബെഡ്ഡിൽ കിടന്നുള്ള ജീവിതം. വാക്കർ ഉപയോഗിച്ച് പതിയെ നടക്കാൻ ആരംഭിച്ചു. ഇതോടെ പഠിക്കണമെന്ന അതിയായ ആഗ്രഹം പനമരം ഗവ. ഹൈസ്ക്കൂളിലെ പ്രധാനാധ്യാപകനെ ലിയാന ഫോണിൽ വിളിച്ചറിയിച്ചു. പിറ്റേന്ന് തന്നെ അധ്യാപകൻ വീട്ടിലെത്തി. തുടർന്ന് അദ്ദേഹം പി.ടി.എ, സ്റ്റാഫ് അംഗങ്ങളെ ലിയാനയുടെ ആഗ്രഹം അറിയിച്ചു. അങ്ങനെ എട്ടാം ക്ലാസ്സിൽ പ്രവേശനം നൽകി. ഇതിനിടെ മഹാപ്രളയങ്ങളും, കൊവിഡ് മഹാമാരിയും കടന്നുപോയിരുന്നു.

 

ലിയാനയുടെ പിതാവാണ് തുടക്കത്തിൽ സ്കൂളിൽ കൊണ്ടുപോയിരുന്നത്. പിന്നീട് ഓട്ടോയിൽ ഒറ്റയ്ക്ക് പോയിത്തുടങ്ങി. വാഹനത്തിൽ നിന്നും ഇറക്കി ക്ലാസ്സിലേക്ക് എത്തിക്കുന്നത് ശ്രമകരമായതിനാൽ സ്കൂൾ അധികൃതർ മൂന്ന് വർഷവും താഴത്തെ നിലയിൽ ഒരേക്ലാസ്സ് റുമൊരുക്കി നൽകിയത് ലിയാനയ്ക്ക് ആശ്വാസം നൽകി. സുഹൃത്തുക്കളും അധ്യാപകരും ചേർന്നായിരുന്നു ലിയാനയെ വാഹനത്തിൽ നിന്നും ഇറക്കി ക്ലാസ്സിൽ എത്തിച്ചിരുന്നത്. സഹപാഠികളും അധ്യാപകരും വീട്ടുകാരും പൂർണ പിന്തുണ നൽകി കൂടെ നിന്നു. എന്നാൽ പുറം വേദനയും യൂറിൻ കൺട്രോൾ ചെയ്യാൻ കഴിയാത്തതിനാലും ഉച്ചവരെ മാത്രമായിരുന്നു ലിയാനയുടെ സ്കൂൾ ജീവിതം. ഉച്ചകഴിഞ്ഞ് വീട്ടിലെത്തി വിശ്രമിച്ച ശേഷം സുഹൃത്തുക്കൾ ഫോണിൽ അയച്ചു കൊടുക്കുന്ന പാഠഭാഗങ്ങൾ സ്വയം പഠിക്കും. ഇതിനിടെ അപ്രതീക്ഷിത അപകടങ്ങളാലും രോഗങ്ങളാലും തളർന്ന് അതിജീവിച്ചവരുടെ കഥകൾ വായിച്ചു. വീഡിയോകൾ കണ്ടു. തനിക്കും അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നേടിയെടുത്തു. നിലവിൽ ഫിസിയോ തെറാപ്പി തുടർന്നുവരുന്ന ലിയാനയ്ക്ക് എസ്.എസ്.എൽ.സി പരീക്ഷാ സമയത്ത് ആരോഗ്യനില മികച്ചതായിരുന്നില്ല. പരീക്ഷ എഴുതാൻ കഴിഞ്ഞതുതന്നെ ഭാഗ്യമാണ്. ഉന്നത വിജയം കൈവരിച്ചതിൽ അഭിമാനം തോന്നുന്നതായി മാതാവ് സക്കീന വിതുമ്പലോടെ പറഞ്ഞു.

 

 

ഡോക്ടർ ആകണമെന്നായിരുന്നു ചെറുപ്പത്തിലെ ആഗ്രഹം. അതിനാൽ പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പ് എടുക്കണം. ആഗ്രഹം സഫലമാകുമെന്നുറപ്പില്ല. എങ്കിലും പരിശ്രമിക്കുമെന്ന് അഷ്റിൻ ലിയാന പറഞ്ഞു. പനമരത്തെ പലചരക്ക് വ്യാപാരിയാണ് പിതാവ്. സഹോദരങ്ങൾ : അൽഫിയ, മുഹമ്മദ് യാസർ. ഇക്കുറി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് 98.30 ശതമാനമാണ് വിജയം. 295 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 290 പേരും വിജയിച്ചു. 13 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.

 

ചിത്ര : അഷ്റിൻ ലിയാന മാതാവിനും സഹോദരങ്ങൾക്കുമൊപ്പം

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.