നീർവാരത്ത് ദമ്പകളെ മരിച്ച നിലയില്‍ കണ്ടെത്തി
പനമരം : നീര്‍വാരം നെല്ലിക്കുനി കോളനിയില്‍ യുവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പിണങ്ങോട് പുത്തൻവീട് കോളനിയിലെ ഗോപീകൃഷ്ണന്‍ (21), ഭാര്യ വൃന്ദ (19) എന്നിവരാണ് മരിച്ചത്. ഗോപീകൃഷ്ണനെ വീട്ടിലെ കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലും, വൃന്ദയെ അതേ മുറിയുടെ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞും മുറി തുറക്കാതെ വന്നതോടെ മൂന്നുമണിയോടെ വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് സംഭവം കാണുന്നത്. ഗോപീകൃഷ്ണൻ്റെ അമ്മയുടെ വീടായ നീർവാരം നെല്ലിക്കു നി കോളനിയിൽ വിരുന്നിനെത്തിയതായിരുന്നു ഇരുവരും.
ഒരുവര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പനമരം പോലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. വൃന്ദയുടെ കഴുത്തിൽ കയർ മുറുകിയ പോലുള്ള പാടുണ്ട്. വൃന്ദയുടേത് കൊലപാതകമാണെന്ന സംശയം ഉള്ളതായും ഇരുവരുടെയും മരണത്തിൽ ദുരൂഹതയുള്ളതായും പോലീസ് പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. മൃതദ്ദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.