യുവതിയെ വധിക്കാൻ ശ്രമം ; സഹോദരിയുടെ ഭർത്താവ് അറസ്റ്റിൽ
പനമരം : യുവതിയെ വധിക്കാൻ ശ്രമിച്ച കേസിൽ സഹോദരിയുടെ ഭർത്താവ് അറസ്റ്റിൽ. അഞ്ചുകുന്ന് വേങ്ങരംകുന്ന് കോളനിയിലെ ശാന്ത (45 ) യെയാണ് ഇന്നലെ രാത്രി 8 മണിയോടെ മദ്യപിച്ച് വീട്ടിൽ വന്ന പ്രതി വഴക്കുണ്ടാക്കി അടക്കാ കത്തികൊണ്ട് മുറിവേൽപ്പിച്ച് വധിക്കാൻ ശ്രമിച്ചത്. സംഭവമറിഞ്ഞ ഉടനെ സമയോജിതമായി ഇടപെട്ട പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.സിജിത്തും സംഘവും ശാന്തയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തിരികെ വന്ന് ശാന്തയുടെ സഹോദരിയുടെ ഭർത്താവ് കണ്ണനെ ( 27 ) കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കണ്ണൻ മുൻപ് സ്വന്തം അച്ഛൻ കുളിയനെ കൊലപ്പെടുത്തിയ കേസിൽ പെട്ടിരുന്നു. അന്ന് കണ്ണന് 17 വയസായിരുന്നു. ഇതിന് ശേഷവും കണ്ണൻ പല കേസുകളിലും പെട്ടിരുന്നു. കോളനിയിലെ സ്ഥിരം പ്രശ്നക്കാരനായ പ്രതിക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അറിയിച്ചു. സംഘത്തിൽ എസ്.ഐ കെ.ദിനേശൻ, എസ്.സി.പി.ഒ ടി. അബ്ദുൾ അസീസ്, സി.പി.ഒ ഇ.ജി വിനായകൻ രതീഷ് ശേഖർ എന്നിവർ ഉണ്ടായിരുന്നു.