April 3, 2025

അമ്മാനിയിൽ കാട്ടാനയിറങ്ങി 300 ഓളം വാഴകൾ നശിപ്പിച്ചു

Share

 

പനമരം : പനമരം ഗ്രാമപ്പഞ്ചായത്ത് ആറാം വാർഡിലെ അമ്മാനിക്കവലയിൽ ഇറങ്ങിയ കാട്ടാന വാഴകൾ വ്യാപകമായി നശിപ്പിച്ചു. അമ്മാനി പുത്തൻപുരയിൽ ഷൈലൻ എന്ന കർഷകൻ്റെ 300 ലേറെ വാഴകളാണ് കാട്ടാനകൾ നിലംപരിശാക്കിയത്. വീടിനോട് ചേർന്ന കൃഷിയിടത്തിലെ ഒന്നര ഏക്കറിൽ കൃഷിയിറക്കിയ നാലുമാസം പ്രായമുള്ള പകുതിയോളം നേന്ത്രവാഴകളാണ് രണ്ടു ദിവസങ്ങളിലായി കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിൽ കാടുവിട്ടിറങ്ങിയ ആന ഷൈലൻ്റെ 100 ലേറെ വാഴകൾ ചവിട്ടിമെതിച്ചു. ഒരാഴ്ച മുമ്പ് 200 ലേറെ വാഴകളും നശിപ്പിച്ചു. 70000 രൂപയിലേറെ നഷ്ടം ഉണ്ടായി. ഈ വർഷം മാത്രം അരഏക്കർ പുൽക്കൃഷിയും, 50 കവുങ്ങുകളും, 50കാപ്പികളും നശിപ്പിച്ചതായി ഷൈലൻ പറഞ്ഞു. സമീപത്തെ സുരേഷിൻ്റെ വാഴകളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്.

 

വനാതിർത്തി ഗ്രാമമായ അമ്മാനിയിൽ കാട്ടാനശല്യം രൂക്ഷമാവുകയാണ്. പാതിരിയമ്പം, നീർവാരം ഭാഗങ്ങളിൽ നിന്നാണ് കാട്ടാന അമ്മാനിയിലേക്ക് എത്തുന്നത്. ആനകളെ പ്രതിരോധിക്കാനായി മുമ്പ് ഒരുക്കിയ കിടങ്ങുകൾ മണ്ണിടിഞ്ഞ് തൂർന്നതും, കൽമതിലുകൾ തകർന്നതും കാട്ടാനകൾക്ക് ഗ്രാമങ്ങളിലേക്കെത്താൻ വഴിഒരുക്കുകയാണ്. വൈദ്യുത വേലികൾ ഇല്ലാത്തതും പ്രശ്നമായിത്തീരുകയാണ്. ദാസനക്കരഭാഗങ്ങളിൽ ക്രാഷ് ഗാർഡ് ഫെൻസിംഗ് ആരംഭിച്ചെങ്കിലും നിർമാണം ഇവിടേക്കെത്തിയിട്ടില്ല. ഇതാണ് കാട്ടാനകൾക്ക് കൂടുതൽ എളുപ്പമാക്കുന്നത്. ആനകൾ കാടുവിട്ടിറങ്ങുന്നതിൽ അധികവും ചക്ക സീസൺ ആയതിനാലും വെള്ളം കുടിക്കാനുമായാണ്. ആനകളെ പേടിച്ച് ഇക്കുറി ഒട്ടേറെ കർഷകർ നേരത്തെത്തന്നെ ചക്കകൾ വെട്ടിമാറ്റിയിരുന്നു. പ്ലാവുകൾ മുറിച്ചു മാറ്റുകയുമുണ്ടായി. സമീപപ്രദേശങ്ങളായ നീർവാരം, പുഞ്ചവയൽ, മണൽക്കടവ്, പാതിരിയമ്പം, കല്ലുവയൽ ഭാഗങ്ങളിലും കാട്ടാനശല്യം പതിവായിരിക്കുകയാണ്. ബന്ധപ്പെട്ടവർ ഉടൻ ഇടപെട്ട് കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്ന് കർഷകർ ആവശ്യപ്പെടുന്നതല്ലാതെ നടപടികൾ ഉണ്ടാവുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.

 

ചിത്രം : അമ്മാനിയിൽ കാട്ടാന നശിപ്പിച്ച ഷൈലൻ്റെ വാഴകൾ.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.