മനുഷ്യനേക്കാൾ പ്രാധാന്യം വന്യമൃഗങ്ങൾക്ക് നൽകുന്ന കാലഘട്ടം – മേജർ ആർച്ച് ബിഷപ്പ്മാർ റാഫേൽ തട്ടിൽ
പനമരം : മനുഷ്യനേക്കാൾ വന്യമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന കാലഘട്ടമാണ് നിലവിലുള്ളതെനും, മനുഷ്യന് പ്രാധാന്യം ഇല്ലേ എന്ന് ചോദിക്കേണ്ട അവസ്ഥയാണന്നും മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളെ ഈ വലിയ ആഴ്ചയിൽ സഭ പ്രത്യേകമായി പ്രാർത്ഥനയിൽ ഓർക്കുമെന്നും, അവരുടെ വേദന ഏറ്റെടുക്കുമെന്നും,
സഭ അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഓശാന ഞായർ തിരുകർമങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ച് നടത്തിയ സന്ദേശത്തിലാണ്ബിഷപ്പ് ഇക്കാര്യം പറഞ്ഞത്.
വന്യമൃഗശല്യം പരിഹരിക്കാൻ സർക്കാർ പരിശ്രമിക്കണമെന്നും, കുടിയേറ്റക്കാരുടെ കണ്ണീർ വീണ രണ്ട് ജില്ലകളാണ് ഇടുക്കിയും, വയനാടുമെന്നും കുടിയേറ്റക്കാർ കള്ളൻമാരല്ലന്നും നാട്ടിൽ പൊന്നുവിളയിച്ചവരാണെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. നടവയലിൽ ഞായറാഴ്ച രാവിലെ ഏഴിന് എത്തിയ ബിഷപ്പിനെ വൈദികരും ഇടവകാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് നടവയൽ ജനത വൻ സ്വീകരണമാണ് നൽകിയത്. തുടർന്ന് ദേവാലയത്തിലേക്ക് എത്തിയ
ബിഷപ്പ് ഓശാന ഞായറിൻ്റെതി രുകർമ്മങ്ങളുടെ ഭാഗമായികുരുത്തോല വെഞ്ചരിപ്പും, ഓലകൾ കയ്യിലേന്തി പ്രദിക്ഷിണത്തിനും, വിശുദ്ധ കുർബ്ബാനക്കും കാർമ്മികത്വം വഹിച്ചു.
തുടർന്ന് അദ്ദേഹം നടവയൽ ഇടവകയിലെ വിവിധ സ്ഥാപനങ്ങളിലും, ദേവാലായങ്ങളിലും, ഓസാനം ഭവൻ അഗതിമന്ദിരത്തിലും സന്ദർശനം നടത്തി. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെടുന്നവരേയും, തിരസ്കരിക്കപ്പെടുന്നവരേയും, ഹൃദയത്തിലേറ്റി സംരക്ഷിക്കണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു. അനാഥരിലേക്കും ആരു നോക്കാനില്ലാത്തവർക്കും സ്നേഹവും കരുതലും നൽകി പരിപാലിക്കണമെന്നും ബിഷപ്പ് പറഞ്ഞു. അന്തേവാസികൾക്ക് ബിഷപ്പ്പുതു വസ്ത്രങ്ങളും വിതരണംചെയ്തു.
ജില്ലയിലെ പ്രധാന ദേവാലയങ്ങളിൽ ഒന്നായ നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന ഓശാന ഞായർ തിരുകർമ്മങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മാനന്തവാടി രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ പോൾ മുണ്ടോളിക്കൽ, നടവയൽ ആർച്ച് ഫ്രീസ്റ്റ് ഫാ: ഗർവ്വാസീസ് മറ്റം, അസിസ്റ്റന്റ് വികാരിമാരായ ഫാ : അമൽ ഫാ : അനറ്റ് ,തുടങ്ങിയവർ സഹകാർമ്മികത്വം വഹിച്ചു.