April 3, 2025

കാട്ടാനശല്യത്താൽ പൊറുതിമുട്ടി മണൽക്കടവ് : വ്യാപക കൃഷിനാശം

Share

 

പനമരം : കാട്ടാനകളുടെശല്യം മൂലം പൊറുതിമുട്ടുകയാണ് മണൽക്കടവ് നിവാസികൾ. പനമരം പഞ്ചായത്തിലെ വനാതിർത്തി ഗ്രാമമായ നീർവാരം മണൽക്കടവ്, അമ്മാനി, പാതിരിയമ്പം, കല്ലുവയൽ ഭാഗങ്ങളിൽ കാട്ടാനകൾ പതിവായെത്തി കൃഷിനാശം വരുത്തുകയാണ്. കഴിഞ്ഞ രാത്രിയിൽ എത്തിയ കാട്ടാന മണൽവയലിൽ വ്യാപക നാശംവരുത്തി. ഒരാഴ്ചയായി ഇടവേള പോലും ഇല്ലാതെയാണ് ആനകൾ എത്തുന്നത്.

 

മണൽവയലിലെ തോമസ് ആൻസൻ്റെ ആറ് കവുങ്ങുകൾ അടിയോടെ പിഴുതെടുത്തു. കശുമാവ്, കാപ്പി തുടങ്ങി വിളകൾ നശിപ്പിച്ചു. ഇടിച്ചക്കകൾ വ്യാപകമായി പറിച്ചിട്ടു. 25 ഓളം കുലച്ചതും കുലയ്ക്കാത്തതുമായ വാഴകളും നശിപ്പിച്ചു. ഒളിവെട്ടി ബിനുവിൻ്റെ കൃഷിയിടത്തിലെ മൂന്ന് തെങ്ങുകൾ പാടെ മറിച്ചിട്ടു. 70 ഓളം വാഴകളും നശിപ്പിച്ചു. ഈ വർഷം തുടങ്ങിയതു മുതൽ ഇവിടെ ആന ശല്യമുണ്ടെന്നാണ് തോമസ് പറയുന്നത്. ജനം പ്രതികരിച്ചു മടുത്തതിനാലാണ് കാട്ടാനയെത്തുന്നത് പുറംലോകമറിയാത്തത്. കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുന്നതിനാൽ ഏറെ പ്രയാസ്സത്തിലാണ് ജീവിതം മുന്നോട്ടു പോവുന്നത്. ഇക്കുറി നാല് മാസം തുടർച്ചയായി ഉറങ്ങാതെ ഷെഡ്ഡിൽ കാവലിരുന്നിട്ടും കാട്ടാനയുടെ ആക്രമണത്തിൽ നിന്നും നെൽക്കൃഷി സംരക്ഷിക്കാനായില്ലെന്നും തോമസ് പറഞ്ഞു.

 

വനത്തോട് ചേർന്നു കിടക്കുന്നതിനാൽ ശല്യം അധികരിച്ചുവരുകയാണ്. വനത്തിൽ നിന്നിറങ്ങി പുഴ കടന്നാൽ മണൽ വയലിൽ എത്തും. ഇപ്പോൾ കർഷകർ കൃഷിയിറക്കാൻ തന്നെ മടിക്കുകയാണ്. ഏക്കറകണക്കിന് കൃഷിയിടങ്ങളാണ് തരിശായിമാറിയത്. വനാതിർത്തികളിൽ കാട്ടാനകളെ പ്രതിരോധിക്കാനായി ഫെൻസിംങ്ങോ, കിടങ്ങുകളോ, കൽമതിലുകളോ ഇല്ലാത്തതാണ് കാട്ടാന ശല്യം രൂക്ഷമാക്കാൻ ഇടയാക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ക്രാഷ് ഗാഡ് ഫെൻസിംഗ് ഉടൻ പൂർത്തീകരിച്ച് ശാശ്വത പരിഹാരം കാണണമെന്ന് ഇവർ ആവശ്യപ്പെടുന്നു. അതുവരെയെങ്കിലും ആനയിറങ്ങുന്ന ഓരോ കടവുകളിലും രണ്ട് വാച്ചർമാരെയെങ്കിലും സ്ഥിരം കാവലിന് നിയമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

 

പനമരം പഞ്ചായത്തിലെ അഞ്ച്, ആറ്, എട്ട് വാർഡുകളിലാണ് കാട്ടാനശല്യം കൂടുതൽ. അതിർത്തി പങ്കിടുന്ന പൂതാടി പഞ്ചായത്തിലെ ഭാഗങ്ങളിലും കാട്ടാനയുടെ വിളയാട്ടം തുടരുകയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.