പനമരത്തുനിന്ന് പെൺകുട്ടിയെ കാണാതായ സംഭവം : കൂട്ടുകാരിയുടെ അമ്മയും അറസ്റ്റിൽ
പനമരം: പനമരത്തു നിന്ന് 14 വയസ്സുകാരി പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കൂട്ടുകാരിയുടെ അമ്മയും അറസ്റ്റിൽ. പനമരം സി.കെ ക്വാർട്ടേയ്സിലെ താമസക്കാരി തങ്കമ്മ (28) യെയാണ് പനമരം പോലീസ് അറസ്റ്റു ചെയ്തത്. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ തങ്കമ്മയുടെ രണ്ടാം ഭർത്താവ് വിനോദ് (29) നെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളെയും കോടതി റിമാൻഡ് ചെയ്തിരുന്നു. ഇരുവരും നാടോടികളാണ്.
പനമരം ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെയാണ് കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പനമരം പോലീസ് ടവർ ലൊക്കേഷൻ പരിശോധിച്ച് തൃശ്ശൂരിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തൃശ്ശൂർ സിറ്റി പോലീസിൻ്റെ സഹായത്തോടെയാണ് തൃശ്ശൂർ പാലപ്പെട്ടി വളവ് എന്ന സ്ഥലത്തു വെച്ച് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ തങ്കമ്മയും ഇവരുടെ രണ്ടാം ഭർത്താവ് വിനോദും ഉണ്ടായിരുന്നു.
വിവാഹ വാഗ്ദാനം നൽകി വിനോദാണ് കുട്ടിയെ തൃശ്ശൂരിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ വീടിനുസമീപം തങ്കമ്മയുടെ സഹോദരിയുടെ വീടുണ്ട്. അവിടെ അവർ ഇടയ്ക്കുവന്ന് താമസിക്കാറുണ്ട്. അങ്ങനെയാണ് ഇവർ കുട്ടിയെ പരിചയപ്പെട്ടത്. കുട്ടിയുടെ മൊഴിയെടുത്ത് കോടതിയിൽ ഹാജരാക്കിയശേഷം മാതാപിതാക്കളോടൊപ്പം വിട്ടയച്ചിരുന്നു. വിനോദ് ശ്രീകണ്ഠാപുരം പോലീസ്‌സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത പോക്സോ കേസിലും പ്രതിയാണ്.
പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ. കെ. ദിനേശൻ, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ. കെ.എൻ. സുനിൽ കുമാർ, സി.പി.ഒ.മാരായ എം.എൻ. ശിഹാബ്, സി.കെ. രാജി, ഇ.എൽ. ജോൺസൺ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.