യുവാവില്‍ നിന്ന് 23 ലക്ഷം തട്ടിയെടുത്ത സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
മാനന്തവാടി : യുവാവില്‍ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ കണ്ണവം വിനീഷ് ഭവനിൽ എം.വിനീഷ് (40) നെയാണ് ഇന്നു പുലർച്ചെ തലപ്പുഴ അമ്പലക്കൊല്ലിയിലെ ഇയാളുടെ ഭാര്യ വീട്ടിൽ നിന്നും പിടികൂടിയത്. കണ്ണൂര്‍ സ്വദേശികളായ മാഹി പള്ളൂര്‍ ചാമേരി വീട്ടില്‍ സി. പ്രവീഷ് (32), കൂത്തുപറമ്പ് കാടാച്ചിറ ചീരാങ്കോട്ട് വീട്ടില്‍ സി. വിപിന്‍ലാല്‍ (29) എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിരുന്നു. കടമ്പൂർ കുണ്ടത്തിൽ വീട്ടിൽ അമൽ (27) കോടതിയിൽ കീഴടങ്ങുകയും ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.
ഫെബ്രുവരി 27 നാണ് കേസിനാസ്പദമായ സംഭവം. പെരുവക സ്വദേശി ജസ്റ്റിനും സുഹൃത്തും ബാങ്കിൽ അടയ്ക്കാനുള്ള 23 ലക്ഷം രൂപയുമായി കാറിൽ പോകുംവഴിയാണു കവര്‍ച്ചാസംഘം ഇന്നോവയില്‍ പിന്തുടര്‍ന്ന് ഒണ്ടയങ്ങാടി കൈതക്കൊല്ലി ഭാഗത്തു വച്ച് പ്രതികള്‍ ഇവരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർച്ച നടത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
മാനന്തവാടി എസ്.എച്ച്.ഒ എം വി ബിജു, എസ്.ഐ. ജാന്‍സി മാത്യു, എ.എസ്.ഐമാരായ ബിജു വര്‍ഗീസ്, കെ.വി.സജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ റാംസണ്‍, റോബിൻ, സിവില്‍ പൊലീസ് ഓഫിസറായ അഫ്‌സല്‍ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.