പനമരത്ത് നിന്നും കാണാതായ കുട്ടിയെ തൃശൂരിൽ നിന്നും കണ്ടെത്തി : യുവാവ് റിമാൻഡിൽ
പനമരം : പനമരം പരക്കുനിയിൽ നിന്നും കാണാതായ 14 വയസ്സുള്ള പെൺകുട്ടിയെ തൃശ്ശൂരിൽ നിന്നും പോലീസ് കണ്ടെത്തി. പനമരം ഗവ. ഹൈസ്കൂളിലെ എട്ടാംക്ലാസ്സ് വിദ്യാർഥിനിയായ പെൺകുട്ടിയെയാണ് കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായത്. കുട്ടിയെ കാണാനില്ലന്ന രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പനമരം പോലീസ് അന്വേഷണം ഊർജിതമാക്കി. ടവർ ലൊക്കേഷനിലൂടെ തൃശ്ശൂരിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം തൃശ്ശൂർ സിറ്റി പോലീസിൻ്റെ സഹായത്തോടെയാണ് തൃശ്ശൂർ പാലപ്പെട്ടി വളവ് എന്ന സ്ഥലത്ത് വെച്ച് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ തങ്കമ്മയും ഇവരുടെ രണ്ടാം ഭർത്താവ് വിനോദും ഉണ്ടായിരുന്നു.
കുട്ടിയുടെ മൊഴി എടുത്ത് കോടതിയിൽ ഹാജരാക്കിയ ശേഷം മാതാപിതാക്കളോടോപ്പം വിട്ടയച്ചു.
പനമരത്തു നിന്നും വിനോദാണ് കുട്ടിയെ തൃശ്ശൂരിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തങ്കമ്മയുടെയും, വിനോദിനുമെതിരെ പ്രായപൂർത്തിയാക്കാത്ത കുട്ടിയെ കൂട്ടികൊണ്ട് പോയതിന് പോലീസ് കേസെടുത്തു. പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായുള്ള പോലീസ് സംശയത്തെത്തുടർന്ന് കോടതിയിൽ ഹാജരാക്കിയ വിനോദ് (29 ) നെ റിമാൻഡ് ചെയ്തു. തങ്കമ്മയും, വിനോദും നാടോടികളാണ്. കാണാതായ കുട്ടിയുടെ വീടിനു സമീപം തങ്കമ്മയുടെ സഹോദരിയുടെ വീട് ഉണ്ട്. അവിടെ അവർ ഇടക്ക് വന്ന് താമസിക്കാറുണ്ട്. അങ്ങിനെയാണ് ഇവർ കുട്ടിയെ പരിചയപ്പെട്ടത്. കൂട്ടിയെ കൂട്ടിക്കൊണ്ടുപോയത് വല്ല ഭിക്ഷാടന മാഫിയകൾക്ക് കൊടുക്കാനാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പനമരം സ്റ്റേഷനിൽ പരാതി ലഭിച്ച ഉടനെ പോലീസ് സമയോജിതമായി അന്വേഷണം നടത്തിയതിൽ ആണ് 24 മണിക്കൂറിനുള്ളിൽ കുട്ടിയെ കണ്ടെത്തിയത്. പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.സിജിത്തിൻ്റെ നേതൃത്വത്തിൽ എസ്.ഐ കെ.ദിനേശൻ, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ കെ.എൻ സുനിൽകുമാർ, സി.പി.ഒമാരായ എം.എൻ ശിഹാബ്, സി.കെ രാജി, ഇ.എൽ ജോൺസൺ തുടങ്ങിയവരുടെ സംഘമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.