കൂളിവയലില്‍ മോഷണം ; അഞ്ചര പവന്റെ സ്വര്‍ണ്ണാഭരണങ്ങളും, 47 800 രൂപയും കവര്‍ന്നു
പനമരം : വയോധിക ദമ്പതികള്‍ താമസിക്കുന്ന വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി അഞ്ചര പവന്റെ സ്വര്‍ണ്ണാഭരണങ്ങളും, 47,800 രൂപയും മോഷ്ടിച്ചതായി പരാതി. കൂളിവയല്‍ കുഴിമുള്ളില്‍ ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ജോണും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ എഴുന്നേറ്റപ്പോള്‍ രാത്രി ഊരിവെച്ചിരുന്ന രണ്ട് സ്വര്‍ണമാലകളും കാണാതായപ്പോഴാണ് മോഷണ സംഭവം വീട്ടുകാര്‍ അറിയുന്നത്. തലയിണയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന 47,800 രൂപയും ഇതോടൊപ്പം മോഷ്ടിച്ചിട്ടുണ്ട്. കൂടാതെ സി സി ടി വി ക്യാമറകള്‍ തുണികൊണ്ട് മൂടിയ ശേഷം ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കും മോഷ്ടാക്കള്‍ കവര്‍ന്നതായി വീട്ടുകാര്‍ പറഞ്ഞു. ഇന്നലെ ബാങ്കില്‍ നിന്നെടുത്ത പണമായിരുന്നു കവര്‍ന്നത്. സ്വര്‍ണമാലയിലെ താലി ഊരി അവിടെ വെച്ച ശേഷമാണ് മാല കവര്‍ന്നിരിക്കുന്നത്. വാതിലുകള്‍ ഒന്നും പൊളിച്ചതായി കാണുന്നില്ലെന്നും, മുന്‍പ് തന്നെ മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറി പറ്റിയിട്ടുണ്ടാകാമെന്നും സംശയിക്കുന്നതായും വീട്ടുകാര്‍ പറഞ്ഞു. പരാതിയെ തുടര്‍ന്ന് മാനന്തവാടി ഡി വൈ എസ് പി ബിജു രാജിന്റെ നേതൃത്വത്തില്‍ പനമരം സി .ഐ വി.സിജിത്തും സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടാതെ ഫോറന്‍സിക് വിദഗ്ധരും, ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരത്തും പരിശോധന നടത്തിയിട്ടുണ്ട്.