മാനന്തവാടിയിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി ; ബിജെപി പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടച്ചുപൂട്ടിച്ചു
മാനന്തവാടി : മാനന്തവാടി നഗരത്തില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ പഴകിയ ബിരിയാണി, ഇറച്ചി ഉത്പന്നങ്ങള്‍, കറികള്‍, പലഹാരങ്ങള്‍, പാലുള്‍പ്പെടെയുള്ള ഭക്ഷ്യ വിഭവങ്ങള്‍ എന്നിവ പിടികൂടി.
മാനന്തവാടി പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ സിറ്റി ഹോട്ടല്‍, മൈ ബേക്ക്‌സ്, റിലാക്‌സ് എന്‍ റെസ്റ്റോറന്റ് എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷ്യ വിഭവങ്ങള്‍ പിടികൂടിയത്. ഇവയില്‍ ഭൂരിഭാഗവും സിറ്റി ഹോട്ടലില്‍ നിന്നുമാണ് പിടിച്ചത്. വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് മുന്നോടിയായി ആണ് പരിശോധന നടത്തിയത്. എന്നാല്‍ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിക്കാതെ പിടികൂടിയ ഭക്ഷ്യവിഭവങ്ങള്‍ മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് പ്രദര്‍ശിപ്പിച്ചതിനെതിരെ നാട്ടുകാര്‍ രംഗത്ത് വന്നു. ഭക്ഷ്യ വിഭവങ്ങള്‍ മുനിസിപ്പല്‍ ഓഫീസിനുള്ളില്‍ കൊണ്ട് വെച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ സിറ്റി ഹോട്ടലിലെത്തി ഹോട്ടല്‍ അടച്ചു പൂട്ടിച്ചു. നിയമനടപടിക്രമങ്ങള്‍ പാലിച്ചേ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകൂവെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്ലീന്‍ സിറ്റി മാനേജര്‍ സന്തോഷ് കുമാര്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹര്‍ഷിദ് എസ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിമി വി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഏഴ് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.