പാഴ് വസ്തുക്കൾ വിറ്റു കിട്ടിയ തുക സമാഹരിച്ച് സഹപാഠിക്ക് വീടൊരുക്കി എൻ.എസ്.എസ് വൊളണ്ടിയർമാർ
പനമരം : സ്വന്തം വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കൾക്കൊണ്ട് ഒരു വീടുണ്ടാക്കാമെന്ന് പ്രവർത്തിയിലൂടെ കാണിച്ചുതരികയാണ് വയനാട് ജില്ലയിലെ ഹയർ സെക്കൻഡറി എൻ.എസ്.എസ് വൊളണ്ടിയർമാർ. പഴയ പാത്രങ്ങൾ, പാഴ് വസ്തുക്കൾ, പ്ലാസ്റ്റിക് തുടങ്ങിയവയെല്ലാം ശേഖരിച്ച് വിറ്റ് 54 എൻ.എസ്.എസ് യൂണിറ്റുകൾ സമാഹരിച്ചത് സഹപാഠിക്ക് ഒരു വീടുണ്ടാക്കാനുള്ള തുകയാണ്.
പനമരം ഗ്രാമപ്പഞ്ചായത്ത് പാലുകുന്ന് 19-ാം വാർഡിലെ സ്വന്തമായി വീടില്ലാത്ത തരുവണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ലീഡറിൻ്റെ കുടുംബത്തിനാണ് സ്നേഹഭവനം ഒരുക്കിയത്. മൂന്നു മുറികളും, അടുക്കളയും, ഹാളും, പൂമുഖവുമുള്ളതാണ് വീട്. ജില്ലയിലെ ആറ് ക്ലസ്റ്റർ കൺവീനർമാരുടെയും 54 പ്രോഗ്രാം ഓഫീസർമാരുടെയും വൊളണ്ടിയർമാരുടെയും നിരന്തര ഇടപെടലുകൾ ഗൃഹനിർമാണത്തിന് ഊർജ്ജമായി. 850 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള വീടാണ് ഇവർ നിർമിച്ചത്.
വീടിന്റെ താക്കോൽദാനം ഒ.ആർ കേളു എം.എൽ.എ നിർവഹിച്ചു. പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതിയധ്യക്ഷൻ ജുനൈദ് കൈപ്പാണി, ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എം.സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് ഡിവിഷണൽ മെമ്പർ ബിന്ദു പ്രകാശ്, എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ കെ.എസ് ശ്യാൽ, വാർഡംഗം രജിത വിജയൻ, കെ.മനോജ് കുമാർ, എം.കെ ഷിവികൃഷ്ണൻ, വി. അനിൽകുമാർ, എം.ജെ ജെസ്സി, കെ.ബി സിമിൽ, പി.കെ സാജിദ് , എം.ജെ ജോസഫ്, സി.അശോകൻ തുടങ്ങിയവർ സംസാരിച്ചു.