നടവയൽ പേരൂരിൽ കാട്ടാനയും കാട്ടുപന്നിയും വ്യാപകമായി കൃഷിനശിപ്പിച്ചു
പനമരം : നടവയൽ ടൗണിനടുത്ത പേരൂരിൽ കാട്ടാനയും കാട്ടുപന്നിയും ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പേരൂർ സുമിത്രയുടെ കായ്ഫലമുള്ള മൂന്ന് തെങ്ങുകളും 50 ഓളം വാഴകളും കാട്ടാന നശിപ്പിച്ചു. സുമിത്രയുടെ സഹോദരൻ വിശ്വനാഥൻ്റെ 200 ഓളം ചുവട് കപ്പയും കാട്ടാനയും കാട്ടുപന്നിയും ചേർന്ന് ഒറ്റരാത്രി കൊണ്ട് ചവിട്ടിമെതിച്ചിട്ടു.
പൂതാടി പഞ്ചായത്തിലെ ഒന്നാം വാർഡായ പേരൂരിൽ ചൊവ്വാഴ്ച വെളുപ്പിനാണ് കാട്ടാനയിറങ്ങി കൃഷിനാശം ഉണ്ടാക്കിയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ മൂന്ന് പന്നികൾ സുമിത്രയുടെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ എത്തിയിരുന്നു. ശബ്ദംകേട്ട വിശ്വനാഥൻ ഉടനെ വനപാലകരെ വിവരം അറിയിച്ചു. നെയ്ക്കുപ്പ ഫോറസ്റ്റ് സെക്ഷനിലെ വനംവകുപ്പ് വാച്ചർമാർ എത്തി പന്നികളെ ഓടിച്ച് തിരികെ പോയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കാട്ടാന എത്തിയത്. രാത്രി വൈകി ഉറങ്ങിയ വീട്ടുകാർ ആനയെത്തിയത് അറിഞ്ഞില്ല. രാവിലെ തെങ്ങുകൾ വീണു കിടക്കുന്നത് കണ്ടതോടെയാണ് കാട്ടാന എത്തിയതറിഞ്ഞത്. സുമിത്രയുടെ രണ്ട് തെങ്ങുകൾ അടിയോടെ പൊട്ടിച്ചിട്ടു. ഒരെണ്ണം കുത്തിയും നശിപ്പിച്ചു. കൃഷിയിടത്തിലെ കൊത്താറായ വാഴകളായിരുന്നു ഒടിച്ചിട്ട് നശിപ്പിച്ചത്.
സഹോദരൻ വിശ്വനാഥനും രാമുണ്ണി ചേർന്ന് കൃഷിയിറക്കിയ മുക്കാൽ ഭാഗത്തോളം കപ്പയും നശിപ്പിച്ചിരിക്കുകയാണ്. രണ്ടുമാസം മുമ്പും ഇവരുടെ വീടിന് സമീപത്തെ കൃഷിയിടത്തിൽ കാട്ടാന എത്തിയിരുന്നു. അന്ന് 200 ലേറെ വാഴകളും മുക്കാൽ കണ്ടം കപ്പയും ആന നശിപ്പിച്ചു. അടുത്ത കാലത്തായി കാട്ടുപന്നിയും കാട്ടാനയും വലിയ നാശമാണ് പേരൂരിൽ വരുത്തുന്നതെന്ന് വിശ്വനാഥൻ പറഞ്ഞു. ചക്കസീസൺ ആയതോടെ ഇവരുടെ തോട്ടത്തിലെ പ്ലാവിലെ ചക്കകളിൽ പകുതിയും വെട്ടിമാറ്റിയിരുന്നു. കാട്ടാനയെ പേടിച്ച് ശേഷിക്കുന്നത് കൂടി വെട്ടിമാറ്റാൻ പണിക്കാരനെ ഏർപ്പെടുത്തിയതായി സുമിത്ര പറഞ്ഞു.
നടവയൽ ടൗണിൽ നിന്നും അരക്കിലോമീറ്റർ മാറിയായിരുന്നു ചൊവ്വാഴ്ച വെളുപ്പിന് കാട്ടാനയിറങ്ങിയത്.
ഒരുകിലോ മീറ്ററോളം മാത്രം അകലെയുള്ള പാതിരി സൗത്ത് സെക്ഷനിലെ നെയ്ക്കുപ്പ വനത്തിൽ നിന്നും നരസിപ്പുഴയും താണ്ടിയായിരുന്നു കാട്ടാന എത്തിയത്. നെയ്ക്കുപ്പയിലെ അംഗൺവാടി വർക്കറായ സുമിത്ര
തനിച്ചാണ് താമസം. തറവാട് വീട് അടുത്തുണ്ടെങ്കിലും ഇപ്പോൾ വന്യമൃഗങ്ങളെ പേടിച്ച് വീടിന് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണിവർക്ക്. കഴിഞ്ഞ ദിവസം പൂതാടി പഞ്ചായത്തിലെ രണ്ടാംവാർഡിൽപ്പെടുന്ന ചിങ്ങോടിനടുത്ത എടക്കാട് മാന്തടം ഭാഗങ്ങളിലും കാട്ടാനയിറങ്ങിയിരുന്നു.
അതേസമയം, നെയ്ക്കുപ്പ വനത്തിനടുത്ത് വെച്ച് കഴിഞ്ഞദിവസം കടുവ പോത്തിനെ ആക്രമിച്ചു കൊന്നിരുന്നു. കടുവയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച നാട്ടുകാർ നെയ്ക്കുപ്പ ഫോറസ്റ്റ് സെക്ഷൻ ഓഫീസും പ്രധാന റോഡുകളും ഉപരോധിച്ചിരുന്നു.