കടുവ ആക്രമണം : നടവയലിൽ പ്രതിഷേധിച്ച 40 ഓളം പേർക്കെതിരെ പോലീസ് കേസ്സ്
പനമരം : നെയ്ക്കുപ്പ വനത്തോടു ചേർന്ന കൃഷിയിടത്തിൽ നിന്നും കടുവ പോത്തിനെ ആക്രമിച്ചു കൊന്നതിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്സ്. ഇന്നലെ നടവയൽ ടൗണിൽ പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രധാന പാതയായ ബീനാച്ചി – പനമരം റോഡുപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസ്സ്. കണ്ടാൽ അറിയാവുന്ന 40 ഓളം പേർക്കെതിരെയാണ് പനമരം പോലീസ് കേസ്സെടുത്തിരിക്കുന്നത്. ഉപരോധത്തിനിടെ നടവയൽ ടൗണിൽ റോഡിൽ പ്രതിഷേധം തീർത്തവരെ പോലീസ് അറസ്റ്റുചെയ്ത് നീക്കാൻ ശ്രമംനടത്തിയെങ്കിലും പ്രതിഷേധക്കാർ സംഘടിച്ചതോടെ പോലീസ് പിൻവാങ്ങുകയായിരുന്നു. ചർച്ചയ്ക്ക് ശേഷവും പിന്തിരിയാതെ സമരക്കാർ തടിച്ചുകൂടി നിന്നതോടെ പോലീസ് ലാത്തി വീശാനും ഒരുങ്ങിയിരുന്നു. സമരക്കാർ പിരിഞ്ഞു പോയതിനാലാണ് ലാത്തി വീശാതിരുന്നത്.