നെയ്ക്കുപ്പയില്‍ കടുവ പോത്തിനെ ആക്രമിച്ചു കൊന്നു
നടവയല്‍ : നെയ്ക്കുപ്പ ചെക്‌പോസ്റ്റിന് സമീപം കടുവ ആക്രമണത്തില്‍ പോത്ത് ചത്തു. പറപ്പിള്ളില്‍ ഷാജിയുടെ മൂന്നര വയസുള്ള പോത്തിനെയാണ് കടുവ പിടിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം.
വനത്തോടു ചേര്‍ന്നു കൃഷിയിടത്തില്‍ മേയ്ക്കുകയായിരുന്ന മൂന്ന് പോത്തുകളില്‍ ഒന്നിനെയാണ് കടുവ ആക്രമിച്ചത്. വനത്തില്‍നിന്നു പാഞ്ഞടുത്ത കടുവ ഷാജിയുടെ നേര്‍ക്കാണ് തിരിഞ്ഞത്. ഇതിനിടെ ഓടിയ പോത്തുകളില്‍ ഒന്നിലേക്ക് കടുവയുടെ ശ്രദ്ധ തിരിഞ്ഞു. ഇത് ഷാജിക്ക് രക്ഷയായി. പ്രദേശവാസികള്‍ ഒച്ചയിട്ടപ്പോഴാണ് കടുവ വനത്തിലേക്ക് മടങ്ങിയത്. അപ്പോഴേക്കും പോത്തിന്റെ പ്രാണന്‍ പോയി.
ആക്രമണത്തെ തുടർന്ന് പ്രദേശവാസികള്‍ നെയ്ക്കുപ്പ ഫോറസ്റ്റ് സെക്ഷൻ ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചു. കടുവ ശല്യത്തിന് പരിഹാരം കാണണമെന്നും പോത്തിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കടുവ പോത്തിനെ ആക്രമിച്ച സ്ഥലത്ത് നിരീക്ഷണത്തിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമറ സ്ഥാപിച്ചു.