വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം ; കുറുവാ ദ്വീപ് ജീവനക്കാരന് പരിക്ക്
മാനന്തവാടി : വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. കുറുവാ ദ്വീപ് ജീവനക്കാരന് പരിക്കേറ്റു. പാക്കം വെള്ളച്ചാലില്‍ പോള്‍ (50) നെയാണ് ആക്രമിച്ചത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. പാക്കം – കുറുവാ ദ്വീപ് റൂട്ടില്‍ വനമേഖലയില്‍ ചെറിയമല കവലയിലാണ് സംഭവം. പോളിനെ പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ് ) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്നവഴി കാട്ടാന കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പുറകെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറയുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ കഴിയുന്ന ഇദ്ദേഹത്തെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി വരികയാണ്.