മൂന്നാം ദിനവും കൊലയാളി ആനയെ മയക്കുവെടിവെക്കാനായില്ല ; ദൗത്യം ഇന്നും തുടരും
മാനന്തവാടി : കൊലായാളിയായ കാട്ടാനയെ മയക്കുവെടിവെക്കുന്ന ദൗത്യം ഇന്നലെയും ഫലം കണ്ടില്ല. ദൗത്യം ഇന്നും തുടരും. മണ്ണുണ്ടിയിലെ കാട്ടിലാണ് നിലവിൽ ആനയുള്ളത്. കോളനിക്ക് സമീപത്ത് വെച്ച് ആനയെ വെടിവെക്കാനാവില്ലെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. കോളനിയിലെ താമസക്കാരുടെ ജീവന് അത് ഭീഷണിയാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സുരക്ഷിതമായി വെടിവെക്കാൻ ഇന്നലെ സാഹചര്യം ലഭിച്ചില്ലെന്നും രാത്രി നിരീക്ഷണം ശക്തമാക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കാട്ടാനയെ നിരീക്ഷിക്കുന്നതിനായും രാത്രികാലങ്ങളിൽ ജനവാസ മേഖലയിൽ എത്തുന്നതിന് തടയിടുന്നതിന് 13 ടീമുകളിലായി 65 പേരുടെ രാത്രികാല പരിശോധനകൾക്കായി നിയോഗിച്ചിട്ടുണ്ട്. മണ്ണുണ്ടി, പാൽവെളിച്ചം, ഇരുമ്പുപാലം ഭാഗങ്ങളിൽ രാത്രികാല പരിശോധന സംഘം ക്യാമ്പ് ചെയ്യും. ഇതിനുപുറമെ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ശനിയാഴ്ചയാണ് മാനന്തവാടി പടമലയിലെ അജീഷ് എന്ന കര്‍ഷകനെ ബേലൂര്‍ മഖ്‌നെയെന്ന കാട്ടാന കൊലപ്പെടുത്തിയത്. ആനയെ മയക്കുവെടി വച്ച് പിടികൂടായി ദൗത്യസംഘം അടുത്ത് എത്തുമ്പോഴേക്കും ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങുന്നതാണ് വെല്ലുവിളിയാവുന്നത്. മോഴയുടെ കലിയും പ്രതിസന്ധിയാവുകയാണ്. ഇതിനിടെ ഒരു തവണ ആനയെ നേരിട്ട് കിട്ടിയെങ്കിലും മയക്കുവെടിക്കാനായില്ല.
ആന പിടുത്തത്തില്‍ കേമന്മാരായ വനം വകുപ്പിന്റെ വടക്കന്‍ ജില്ലകളിലെ സകല വിദഗ്ധരും ഒരുമിച്ചിട്ടും മൂന്നാം ദിവസവും ദൗത്യം പരാജയപ്പെടുകയായിരുന്നു. തികഞ്ഞ ആത്മാവിശ്വാസത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായ പദ്ധതിയുമായായിരുന്നു ദൗത്യസംഘം ഇന്നലെ കാട്ടില്‍ കയറിയത്. 10 ടീമായി തിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം – ഒരു ഘട്ടത്തില്‍ 100 മീറ്റര്‍ അടുത്തുവരെ കാട്ടാനയുടെ സാന്നിധ്യം കിട്ടുകയും ചെയ്തു. മണ്ണുണ്ടി ഭാഗത്ത് കാട്ടാനയെ മയക്കുവെടി വെക്കുന്നതിനായി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ഒരുക്കങ്ങളും തുടങ്ങി. എന്നാല്‍ 12:30 ഓടെ ആനയുടെ സിഗ്‌നല്‍ കിട്ടാതായി. വയനാട് വന്യജീവി സങ്കേതത്തിലെ കുറ്റിക്കാടുകളും വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും എല്ലാമാണ് ദൗത്യം ദുഷ്‌കരമാക്കിയതെന്ന് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്ന ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നോര്‍ത്ത് വയനാട് സൗത്ത് വയനാട് വയനാട് വന്യജീവി സങ്കേതം നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് ആര്‍ആര്‍ടി മണ്ണാര്‍ക്കാട് ആര്‍ആര്‍ടി, കോഴിക്കോട് ആര്‍ആര്‍ടി വിഭാഗത്തിലെ 200 ഓളം ജീവനക്കാര്‍ സംഘത്തിലുണ്ട്. അതേസമയം, മൃഗശല്യം പരിഹരിക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായി അജീഷിന്റെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ
രാഹുൽ : – റേഞ്ച് ഫോറസ്റ്റ് ഓഫീസർ – 7907704985.
രാജേഷ് :- റേഞ്ച് ഫോറസ്റ്റ് ഓഫീസർ- 8547602504
സുനിൽകുമാർ : – റേഞ്ച് ഫോറസ്റ്റ് ഓഫീസർ -9447297891