‘ ഞാന്‍ കരഞ്ഞതുപോലെ മറ്റൊരു കൊച്ചും വയനാട്ടില്‍ ഇനി കരയാന്‍ പാടില്ല ‘ ; പ്രതിപക്ഷ നേതാവിന് മുമ്പിൽ വിങ്ങിപ്പൊട്ടി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൾ
മാനന്തവാടി : എന്റെ ഡാഡിക്ക് സംഭവിച്ചത് മറ്റാര്‍ക്കും പറ്റരുത്, ഞാന്‍ കരഞ്ഞതുപോലെ മറ്റൊരു കൊച്ചും വയനാട്ടില്‍ ഇനി കരയാന്‍ പാടില്ല’. ശനിയാഴ്ച രാവിലെ പയ്യമ്പള്ളി ചാലിഗദ്ദയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പനച്ചിയില്‍ അജീഷിന്റെ മകള്‍ അല്‍നയുടേതാണ് ഈ വാക്കുകള്‍. ആശ്വാസവചനങ്ങളുമായി തിങ്കഴാഴ്ച അജീഷിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മുന്നിലാണ് അല്‍മ വിങ്ങിപ്പൊട്ടിയത്.
ആനകള്‍ക്ക് ജീവിക്കാന്‍ ഇഷ്ടംപോലെ കാട് വയനാട്ടിലുണ്ട്. എന്നിട്ടും കാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിന്റെ കാരണം പരിശോധിക്കണം. കാട്ടാനകള്‍ക്ക് കാട്ടില്‍ ജീവിക്കാന്‍ സംവിധാനം ഒരുക്കണമെന്നും അല്‍ന പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എ, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, എ.ഐ.സി.സി. അംഗം പി.കെ.ജയലക്ഷ്മി, കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എല്‍.പൗലോസ്, ഡി.സി.സി സെക്രട്ടറി വി.വി.നാരായണ വാര്യര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് വി.ഡി.സതീശന്‍ അജീഷിന്റെ വീട്ടിലെത്തിയത്.
വയനാട്ടിലെ വന്യജീവി ശല്യത്തിന്റെ രൂക്ഷതയും ജനം അനുഭവിക്കുന്ന പ്രയാസങ്ങളും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് അജീഷിന്റെ കുടുംബാംഗങ്ങളും പ്രദേശവാസികളും പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു.
വന്യജീവി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കൃഷി ചെയ്തും സുരക്ഷിതമായും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ജില്ലയിലെന്ന് അദ്ദേഹം പറഞ്ഞു.
താമരശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ജെബി മേത്തര്‍ എം.പി തുടങ്ങിയവരും അജീഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.