മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു : അക്രമണം വീടിൻ്റെ മതിൽ തകർത്ത് മുറ്റത്ത് കടന്ന്
മാനന്തവാടി : കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കര്‍ണാടക വനം വകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയാണ് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത്. ചാലിഗദ്ദ പനച്ചിയില്‍ അജിയാണ് (47) കൊല്ലപ്പെട്ടത്.
ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. ട്രാക്ടര്‍ ഡ്രൈവറാണ് അജി. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. മതില്‍ പൊളിച്ച് വീടിന്റെ മുറ്റത്ത് കടന്നാണ് ആന അജിയെ ആക്രമിച്ചത്.
കര്‍ണാടക വനത്തില്‍നിന്നു കൂടല്‍ക്കടവ് വഴിയാണ് ആന ജനവാസ കേന്ദ്രത്തില്‍ രാത്രി എത്തിയത്. കൊയിലേരി, താന്നിക്കല്‍ ഭാഗങ്ങളില്‍ ആനയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. മുട്ടങ്കരയില്‍ മറ്റത്തില്‍ ജിബിന്റെ വീടിന്റെ മതില്‍ കാട്ടാന തകര്‍ത്തു. പടമല ഭാഗത്തേക്ക് നീങ്ങിയ ആനയെ വനസേന നിരീക്ഷിച്ചുവരികയാണ്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.