വധശ്രമ കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ
പനമരം : യുവാവിനെ വധിക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. കൂളിവയൽ കുന്നേൽ വീട്ടിൽ ബാദുഷ (28), സഹോദരൻ നിസാമുദ്ദീൻ (24 ) എന്നിവരാണ് പിടിയിലായത്. ഇരുവരും മുമ്പ് പോക്സോ കേസിൽ പത്തുവർഷം ശിക്ഷ വിധിക്കപ്പെട്ട പ്രതികളാണ്. കൂളിവയൽ സ്വദേശിയായ തെൽഹത്ത് എന്നയാളെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്.
കഴിഞ്ഞ എട്ടിന് ഇരുവരും ചേർന്ന് തെൽഹത്തിനെ കത്തികൊണ്ട് ആക്രമിച്ചതായി പരാതിയിൽ പറയുന്നു. ആക്രമണത്തിൽ ഇയാളുടെ വലതു കൈക്ക് പൊട്ടലും തലയ്ക്ക് അടിച്ചതിൽ നാല് തുന്നലിട്ട് മുറിവ് ഉണ്ടാവുകയും ചെയ്തു. ഇയാൾ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പോക്സോ കേസിൽ ഇരുവർക്കുമെതിരെ മൊഴി നൽകിയതിൻ്റെ പ്രതികാരമാണ് ആക്രമണത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിന് ശേഷം രാത്രി തന്നെ ഒളിവിൽപോയ പ്രതികളെ കർണാടകയിലെ ഹുൺസൂരിൽ വെച്ചാണ് വയനാട് ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.സിജിത്തും സംഘവും അതിസാഹസികമായി പിടികൂടിയത്. പോലീസ് സാന്നിധ്യം അറിഞ്ഞ് മൈസൂരിൽ നിന്നും ഒരു ലോറിയിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ലോറിയെ പിൻതുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.അബ്ദുൽ അസീസ്, പി.അനൂപ്, എം.രാജൻ, സിവിൽ പോലീസ് ഓഫീസർ എം.എ ഷിഹാബ് എന്നിവരും ഉണ്ടായിരുന്നു.