എടവകയിൽ കർഷകൻ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ; കടബാധ്യതയെന്ന് ബന്ധുക്കൾ
മാനന്തവാടി : എടവക എളളുമന്ദത്ത് കർഷകനെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. എള്ളുമന്ദം പള്ളിയറ കടുക്കാംതൊട്ടിയില്‍ കുര്യാക്കോസിന്റെ മകന്‍ കെ.കെ അനില്‍ (32) ആണ് മരിച്ചത്.
ഇന്നലെ രാത്രി കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ അനിലിനെ ഉടനെ വയനാട് മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
കൃഷി നാശം മൂലവും, കടബാധ്യത മൂലവും അനില്‍ മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. പശുവിനെ വാങ്ങാനായി കല്ലോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും ഒന്നര ലക്ഷത്തോളം രൂപ വായ്പ എടുത്തതും, ഇവിടെ സ്വര്‍ണം പണയം വെച്ച വകയിലുള്ള ഒന്നര ലക്ഷവും, കൂടാതെ പിതാവിനെ കൊണ്ട് ദ്വാരകയിലെ കനറാ ബാങ്കില്‍ നിന്നുമെടുത്ത ഒരു ലക്ഷത്തി അറുപതിനായിരവും അടക്കം അഞ്ചര ലക്ഷത്തിന്റെ കടബാധ്യത ഉണ്ടെന്നാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്.
കഴിഞ്ഞ കൊല്ലം എള്ളുമന്ദത്ത് 4000 കരവാഴ കൃഷി ചെയ്‌തെങ്കിലും കൃഷി നാശം മൂലം വരുമാനം ലഭിച്ചില്ല. കൂടാതെ ഇക്കൊല്ലം മൂന്നേക്കര്‍ വയലില്‍ നെല്‍കൃഷി ചെയ്തതിനും പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ല. ഇക്കാരണങ്ങള്‍ കൊണ്ടാകാം അനില്‍ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു. മോളിയാണ് അമ്മ.