നീർവാരത്ത് കാട്ടാനകൾ കൊയ്ത്തിന് പാകമായ നെൽകൃഷി വ്യാപകമായി നശിപ്പിച്ചു
പനമരം : നീർവാരം മുക്രമൂലയിൽ കാട്ടാനകൾ കൊയ്ത്തിന് പാകമായ നെൽകൃഷി നശിപ്പിച്ചു. മുക്രമൂല എടമല രാമചന്ദ്രന്റെ ഒരേക്കറോളം വയലിലെ കൃഷിയാണ് ചവിട്ടിമെതിച്ചത്. സ്വന്തം ചിലവിൽ ഇദ്ദേഹം വയലിന് ചുറ്റും സ്ഥാപിച്ച വൈദ്യുതിവേലിയും തകർത്താണ് ആനകൾ വയലിൽ ഇറങ്ങിയത്.
നീർവാരത്തെ വനാതിർത്തി പ്രദേശങ്ങളിലും, വനപാതയിലും കാട്ടാന ശല്യം അനുദിനം രൂക്ഷമായിരിക്കുകയാണ്. നേരം ഇരുട്ടും മുൻപ് ഇറങ്ങുന്ന കാട്ടാന നേരം പുലർന്നാലും മടങ്ങാൻ മടിക്കുകയാണ്. കൃഷിയിടങ്ങളിലെത്തി നെല്ല്, തെങ്ങ്, കമുക്, കാപ്പി, വാഴ തുടങ്ങി വിളകൾ വ്യാപകമായി നശിപ്പിക്കുകയാണ്. ഇതോടെ കർഷകർ ആത്മഹത്യയുടെ വക്കിലാണ്. അതിനാൽ ഉടൻ കാട്ടാന ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
പാതിരി സൗത്ത് സെക്ഷനിൽ നിന്നുമാണ് കാട്ടാനകൾ ഗ്രാമങ്ങളിലേക്കിറക്കുന്നത്. ദാസനക്കര, നീർവാരം, മുക്രമൂല, അമ്മാനി, മണൽവയൽ പ്രാദേശങ്ങളിലെല്ലാം കാട്ടാനശല്യം മൂലം ജനം പെറുതിമുട്ടിയിരിക്കുകയാണ്.
കാട്ടാനകൾക്ക് പുറമെ, കാട്ടുപന്നി, മയിൽ, കുരങ്ങ് തുടങ്ങിയവയുടെ ശല്യവും പ്രദേശത്ത് ഏറുകയാണ്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാതെ വനംവകുപ്പ് ഇരുട്ടിൽ തപ്പുമ്പോൾ കർഷകരുടെ ജീവിത മാർഗ്ഗം അടയുകയാണ്.
ചിത്രം : കാട്ടാന നശിപ്പിച്ച മുക്രമൂല എടമല രാമചന്ദ്രന്റെ നെൽകൃഷി