ജോലിക്കിടെ ദേഹാസ്വാസ്ഥ്യം ; വനംവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു
പനമരം: ജോലിക്കിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. നോർത്ത് വയനാട് വനം ഡിവിഷനു കീഴിലുള്ള പേര്യ റെയ്ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നീർവാരം നഞ്ചറമൂല കോളനിയിലെ കെ.വി. രാജൻ (52) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ വരെ ജോലിയിലുണ്ടായിരുന്ന രാജനെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിലേക്ക് തിരിച്ചുപോയ ഇദ്ദേഹം വൈകീട്ടോടെയാണ് മരിച്ചത്. മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
അച്ഛൻ: അരക്കൻ. അമ്മ: ലീല. ഭാര്യ: രാധിക. മക്കൾ : റിതിക് , ശ്രുതിക. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ.