കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദിച്ചെന്ന് പരാതി ; യുവാക്കൾ അറസ്റ്റില്‍
പനമരം : കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയിൽ യുവാക്കൾ അറസ്റ്റില്‍. പനമരം കൈതക്കൽ സ്വദേശികളായ വാലുപൊയ്യില്‍ വി.അഷ്‌റഫ് (43), സ്വപ്ന നിവാസ് എം.കെ നുഹ്മാന്‍ (40) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൈതക്കല്‍ ഡിപ്പോ പരിസരത്ത് വെച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയെ കെ.എസ് ആര്‍.ടി.സി ബസ് തട്ടി പരിക്ക് പറ്റിയിട്ടും
ബസ് നിര്‍ത്താതെ പോയെന്ന് ആരോപിച്ച് ഇവര്‍ കാറുമായി ചെന്ന് ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചെന്നാണ് പരാതി. ഡ്രൈവര്‍ പ്രശാന്ത് കുമാറിന്റെ പരാതി പ്രകാരം കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും, സംഘം ചേര്‍ന്ന് മര്‍ദിച്ചതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അപകടത്തിന്റെ സി.സി. ടി.വി ദൃശ്യത്തില്‍ നല്ല മഴയത്ത് ബസ് മുന്നിലൂടെ കടന്നുപോകുന്നതിനിടെ റോഡരികിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി റോഡ് മുറിച്ചുകടക്കാന്‍ നോക്കുകയും ബസ്സിന്റെ പിന്‍ഭാഗം തട്ടിയതായും വ്യക്തമായിരുന്നു. അപകടം സംഭവിച്ച കാര്യം ഡ്രൈവറുടെ ശ്രദ്ധയില്‍ പെടാത്തതിനാലാണ് ബസ് നിര്‍ത്താതെ പോയതെന്നാണ് ഡ്രൈവർ പറയുന്നത്. എന്നാല്‍ ബസ് ഇടിച്ചിട്ടും നിര്‍ത്താതെ പോയതില്‍ പ്രകോപിതരായാണ് പ്രതികള്‍ ബസ് പിന്തുടര്‍ന്ന് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചത്. പനമരം പോലീസ് സ്റ്റേഷൻ ഇന്‍സ്‌പെക്ടര്‍ വി.സിജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ എൻ.കെ ദാമോദരന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.