സൈക്കിൾ പോളോ : പനമരത്തെ അഞ്ച് വിദ്യാർഥികൾക്ക് കേരള ടീമിലേക്ക് സെലക്ഷൻ
പനമരം : ബത്തേരിയിൽ നടന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ മികച്ച നേട്ടം ഉണ്ടാക്കി. ചാമ്പ്യൻഷിപ്പിനു ശേഷം നടന്ന നാഷണൽ മത്സരങ്ങളിലേക്കുള്ള കേരള ടീമിലേക്ക് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാല് വിദ്യാർഥികൾക്ക് സെലക്ഷൻ ലഭിക്കുകയും ഒരു വിദ്യാർഥി ഫസ്റ്റ് റിസർവിലായി ടീമിൽ ഉൾപ്പെടുകയും ചെയ്തു.
പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പി.എൻ ഫിദ ഫാത്തിമ, പി.എൻ ഹന്ന ഫാത്തിമ, കെ.കെ നസ്‌ല ഫാത്തിമ, ഹിബ തസ്നി, ആർ.ആൽവിൻ (ഫസ്റ്റ് റിസർവ്) എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത്. ജയ്പൂരിൽ നടക്കുന്ന നാഷണൽ മത്സരങ്ങളിലേക്കാണ് ഈ വിദ്യാർഥികളെ സെലക്ട് ചെയ്തത്. ഹന്ന ഫാത്തിമയും, ഫിദ ഫാത്തിമയും സഹോദരിമാരാണ്.
കഴിഞ്ഞവർഷം നാഗ്പൂരിൽ നടന്ന നാഷണൽ സൈക്കിൾ പോളോ മത്സരത്തിലും പനമരത്തെ മൂന്നു കുട്ടികൾ പങ്കെടുത്തിരുന്നു. കൂടാതെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ നാഷണൽ സൈക്കിൾ പോളോയിൽ പങ്കെടുക്കുന്ന ഗവ. സ്കൂളുകളിൽ മുൻപന്തിയിൽ എത്താനും പനമരത്തിനായി.
സൈക്കിൾ പോളോ മത്സരങ്ങൾക്ക് പ്രത്യേകതരം സൈക്കിളുകൾ ആണ് ഉപയോഗിക്കുന്നത്. എന്നാൽ പനമരത്തെ വിദ്യാർഥികളുടെ പരിശീലനം സാധാരണ സൈക്കിളിലാണ്. വയനാട് ജില്ലാ പഞ്ചായത്തിന്റെ ‘വൺ സ്കൂൾ വൺ ഗെയിം’ പദ്ധതിയിൽ ഉൾപ്പെടുത്തി പനമരം സ്കൂളിന് എട്ട് സൈക്കിളുകൾ ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. ഉടൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കായിക താരങ്ങൾ.
സ്കൂൾ കായികാധ്യാപകനായ ടി. നവാസ്, കെ.നീതുമോൾ, കെ.ശംലിൻ, കെ.ദിയൂഫ് എന്നിവരുടെ നേതൃത്വത്തിലാണ് പനമരം സ്കൂളിൽ സൈക്കിൾ പോളോ ക്യാമ്പ് നടത്തുന്നത്.