മനുഷ്യരെ ബന്ദിയാക്കിമാറ്റിയ ഭൂപ്രദേശമായി വയനാട് മാറി – ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത
പനമരം : മനുഷ്യരെ ബന്ദിയാക്കിമാറ്റിയ ഭൂപ്രദേശമായി വയനാട് മാറിയെന്നും, സ്വതന്ത്രമായി സഞ്ചരിക്കാൻ പോലും ഇവിടെ ഉള്ളവർക്ക് സാധിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും ബത്തേരി രൂപതാധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത. നടവയലിൽ ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീലഗിരി ഉൾപ്പടെ വയനാട് അടക്കമുള്ള പശ്ചിമഘട്ട മലനിരകൾ ഘട്ടംഘട്ടമായി വനമാക്കി മാറ്റുന്നതിന് ഗൂഡ നീക്കം നടത്തുതായും, ഗാട്ട് കരാർ ഒപ്പിട്ട അന്ന് മുതൽ ബഫർസോൺ ആക്കുന്നത് വരെ ഈ രഹസ്യ അജണ്ടയുടെ ഭാഗമാണന്നും മെത്രാപ്പോലീത്ത പറഞ്ഞു.
വയനാട് ജില്ലയെ വനഭൂമിയാക്കി മാറ്റുന്നതിന് ആഗോള തലത്തിൽ അജൻഡ നടക്കുന്നുണ്ട്. ജില്ലയിലെ ടൂറിസം മേഖല വളർത്തിയത് ഇവിടുത്തെ കർഷകരാണ്. എന്നാൽ ഇന്ന് സമ്പന്നർക്ക് ആസ്വദിക്കാനുള്ള ഭൂപ്രദേശമായി ജില്ലാ കാലക്രമേണ മാറുന്ന സാഹചര്യമാണ് നിലനില്ക്കുന്നത്. കർഷകനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട് . സർവ്വമേഖലയിലും വികസന കാര്യത്തിൽ വയനാട് പിന്നോട്ടടിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെ ഉപദ്രവിക്കുകയാണന്നും, സർക്കാർ മനസ്സ് വെച്ചാൽ ഒറ്റദിവസം കൊണ്ട് കർഷക ആത്മഹത്യ തടയാൻ കഴിയുമെന്നിരിക്കെ ഒന്നും ചെയ്യുന്നില്ലന്നും മെത്രാപ്പോലീത്താ പറഞ്ഞു.
എഫ്.ആർ.എഫ് സംസ്ഥാന ചെയർമാൻ ബേബി സക്കറിയാസ് അധ്യക്ഷത വഹിച്ചു. കർഷകമിത്ര സംസ്ഥാന പ്രസിഡന്റ് പി.എം
ജോയി മുഖ്യപ്രഭാഷണം നടത്തി. നടവയൽ ആർച്ച് ഫ്രീസ്റ്റ് ഫാ: ഗർവ്വാസീസ് മറ്റം, സംസ്ഥാന ഭാരവാഹികളായ എൻ.ജെ ചാക്കോ, ടി.ഇബ്രാഹിം, ജില്ലാ ചെയർമാൻപി.എം ജോർജ്ജ്, എ.എൻ മുകുന്ദൻ, എ.സി തോമസ്, അലക്സാണ്ടർ, സാലസ് മാത്യു, ജോസ് പള്ളിക്കാമടം തുടങ്ങിയവർ സംസാരിച്ചു.