ചിലയിടത്ത് കെടാതെയും ചിലയിടത്ത് ഒട്ടും എരിയാതെയും പനമരത്തെ തെരുവു വിളക്കുകൾ
പനമരം : പനമരം ഗ്രാമപ്പഞ്ചായത്തിലെ പ്രധാന റോഡുകളിലും, ഉൾപ്രദേശങ്ങളിലും, ജംങ്ഷനുകളിലും വെളിച്ചമേകാനായി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച തെരുവു വിളക്കുകൾ നോക്കുകുത്തികൾ. പഞ്ചായത്ത് പരിധിയിൽ ഒരുക്കിയ വിളക്കുകൾ ചിലയിടത്ത് കെടാതെ 24 മണിക്കൂറും കത്തിക്കിടന്ന് ഊർജം വെറുതെ പാഴാവുമ്പോൾ, ചിലയിടങ്ങളിൽ വിളക്കുകൾ പൂർണമായും പണിമുടക്കിയിരിക്കുകയാണ്. നിലവാരമില്ലാത്ത വിളക്കുകൾ സ്ഥാപിക്കുന്നതും ടെണ്ടർ ഏറ്റെടുത്ത ഏജൻസികൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് ഇതിന് കാരണമെന്ന് പഞ്ചായത്ത് ഭരണ സമിതിയിൽപ്പെട്ടവർ തന്നെ പറയുന്നു.
ആറുമാസത്തിലേറെയായി ഗ്രാമീണ മേഖലയിലെ മിക്കവിളക്കുകളും കേടായിട്ട്. പ്രദേശവാസികൾ പരാതിപ്പെടുന്നുണ്ടെങ്കിലും പരിഹാര നടപടികൾ ഉണ്ടാവാത്തത് പ്രയാസ്സത്തിലാക്കുകയാണ്. തെരുവു വിളക്കുകളുടെ അഭാവം സമൂഹ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് വഴിവെക്കുന്നതായി നാട്ടുകാർ പറയുന്നു. വന്യമൃഗശല്യമുള്ള പ്രദേശങ്ങളിൽ പോലും വെളിച്ചമില്ലാതെ ആളുകൾ ദുരിതത്തിലാണ്. തെരുവുനായകളുടെ എണ്ണം പെരുകുമ്പോൾ രാത്രിയും പുലർച്ചെയും ജീവൻ പണയപ്പെടുത്തിയുള്ള സഞ്ചാരമാണിവിടെ. ഇതിനിടെ ഇരുട്ട് കൂടുതൽ ഭീതിജനകമാക്കുകയാണ്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്തും, ഈ ഭരണസമിതിയും വാർഡ് തലങ്ങളിൽ തെരുവുവിളക്കുകളും, ഉയരവിളക്കുകളും സ്ഥാപിക്കുന്നതിനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ലക്ഷങ്ങൾ ഇതിനായി ചെലവിടുകയും ചെയ്തു. എന്നാൽ ഇതിൽ മിക്കവയും ദിവസങ്ങൾക്കുള്ളിൽ പണിമുടക്കി നോക്കുകുത്തികൾ ആവുന്നത് തുടർക്കഥയാണ്. മാസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് എക്സ്പെയറി ഡേറ്റ് കഴിഞ്ഞ വിളക്കുകൾ ഇറക്കിയത് ഭരണസമിതിയിലെ ചിലർ വിവാദമാക്കിയിരുന്നു. കൽപ്പറ്റ – മാനന്തവാടി, ബീനാച്ചി – പനമരം പ്രധാന പാതകളിൽ പോലും ബൾബുകൾ എരിയുന്നില്ല. ഇത് വാഹനാപകടങ്ങൾക്കും കാരണമാവുകയാണ്. മഞ്ഞും മഴയും ഒരുപോലെയുള്ള ഈ വേളയിൽ വെളിച്ചമില്ലാത്തത് കൂടുതൽ അപകടങ്ങൾക്ക് വഴിവെക്കും. അതിനാൽ ഉടൻ കേടായ വിളക്കുകൾ പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ചിത്രം : പനമരം പോലീസ് സ്റ്റേഷൻ റോഡിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് എതിർവശത്ത് 24 മണിക്കൂറും കത്തിക്കൊണ്ടിരിക്കുന്ന തെരുവു വിളക്ക്