തലപ്പുഴ പേര്യയിൽ പോലീസും – മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടല്‍ ; രണ്ടു മാവോവാദികള്‍ പിടിയില്‍
മാനന്തവാടി : തലപ്പുഴ പേരിയ ചപ്പാരത്ത് മാവോവാദികളും പോലീസും ഏറ്റുമുട്ടി. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. അര മണിക്കൂറോളം നീണ്ട വെടിവയ്പ്പിനൊടുവില്‍ മാവാവോദി സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയിലായി. ഒരു സ്ത്രീയും പുരുഷനുമാണ് കസ്റ്റഡിയിലായത്. മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടു. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പോലീസ് കസ്റ്റഡിയിലായതെന്നാണ് അറിയുന്നത്. ഇവര്‍ക്ക് വെടിയേറ്റോ എന്നതില്‍ വ്യക്തതയായില്ല. വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
ചപ്പാരത്തെ ഒരു വീട്ടിലെത്തിയ മൂന്നൂ സ്ത്രീകളും രണ്ടു പുരുഷന്‍മാരും അടങ്ങുന്ന മാവോവാദി സംഘം ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങുമ്പോള്‍ പോലീസിന്റെ കമാന്‍ഡോ വിഭാഗങ്ങളായ തണ്ടര്‍ബോള്‍ട്ടും സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും വളയുകയായിരുന്നു. കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും മാവോവാദികള്‍ കൂട്ടാക്കാതെ നിറയൊഴിച്ചു. ഇതേത്തുടര്‍ന്നു പോലീസ് തിരിച്ചടിക്കുകയും രണ്ടു പേരെ പിടികൂടുകയുമായിരുന്നു. ചപ്പാരത്തെ അനീഷിന്റെ വീട്ടിലാണ് മാവോവാദികള്‍ എത്തിയത്. വെടിവയ്പ്പില്‍ വീടിന്റെ വാതിലും മറ്റും ഭാഗികമായി തകര്‍ന്നു.
ഉണ്ണിമായയും ചന്ദ്രുവും അടുക്കളയുടെ ചായ്പിലായിരുന്നു. മറ്റ് രണ്ട് സ്ത്രീകള്‍ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടെങ്കിലും അതില്‍ ഒരാള്‍ക്ക് മുറിവേറ്റതായി സൂചനയുണ്ട്. കബനീ ദളത്തില്‍പ്പെട്ട സുന്ദരിയും ലതയുമാണ് ഓടി രക്ഷപ്പെട്ടതെന്നാണ് സൂചന. ചന്ദ്രുവിനേയും, ഉണ്ണിമായയേയും കല്‍പ്പറ്റ ഏ.ആര്‍ ക്യാമ്പിലെത്തിച്ച് പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മാവോ വാദികളില്‍ നിന്നുംരണ്ട് എ.കെ. 47 തോക്കുകളും ഒരു എസ്.എല്‍.ആറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, പശ്ചിമഘട്ടം കേന്ദ്രീകരിച്ച് വര്‍ത്തിക്കുന്ന മാവോവാദികള്‍ക്ക് സഹായമെത്തിക്കുന്ന തമിഴ്‌നാട് ഈറോഡ് സ്വദേശി ലോറന്‍സ് എന്ന അനീഷ് ബാബുവിനെ ഇന്നലെ കോഴിക്കോട് റൂറല്‍ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കൊയിലാണ്ടി പരിസരത്ത് നിന്നും പിടികൂടിയിരുന്നു. ഇയാള്‍ ഇപ്പോള്‍ വയനാട്, കണ്ണൂര്‍ വനാന്തരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കബനി ദളത്തിന്റെ ഭാഗമാണ്. ഇയ്യാളെ ചോദ്യം ചെയ്തതില്‍ ലഭിച്ച നിര്‍ണായക സൂചനകളുടെ അടിസ്ഥാഥാനത്തിലായിരുന്നു പോലീസ് പേര്യയില്‍ നടത്തിയ ഓപ്പറേഷന്‍.
ചപ്പാരം കോളനിയിലെ താമസക്കാരനായ അനീഷിന്റെ വീട്ടില്‍ വൈകീട്ടാണ് മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം ഭക്ഷണ സാധനം വാങ്ങാനും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുമായി എത്തിയത്. ഭക്ഷണം കഴിച്ചശേഷം ചാര്‍ജിലിട്ട മൊബൈല്‍ ഫോണുമായി ഇവർ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് വീടുവളയുന്നതെന്ന് അനീഷ് പറയുന്നു. തുടര്‍ന്ന് കീഴടങ്ങാനുള്ള പോലീസ് നിര്‍ദേശം മാവോവാദികള്‍ ചെവികൊള്ളാതിരുന്നത് വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. വീടിന്റെ അകത്തുണ്ടായിരുന്ന മാവോവാദികള്‍ പോലീസിനുനേരെ പലതവണ വെടിയുതിര്‍ത്തതായും പോലീസും തിരിച്ച് വെടിവെച്ചതായും അനീഷ് പറഞ്ഞു.
വെടിവെപ്പ് നടക്കുന്ന സമയം അനീഷിന്റെ രണ്ടരവയസ്സുള്ള കുട്ടിയും അമ്മയും സഹോദരനും ഭാര്യയും അവരുടെ മൂന്നര വയസുള്ള കുട്ടിയും വീടിനകത്തുണ്ടായിരുന്നു. താനും അമ്മയും ബാത്ത്‌റൂമില്‍ അഭയം തേടുകയായിരുന്നെന്ന് അനീഷ് പറഞ്ഞു.