തോൽപ്പെട്ടിയിൽ ഭാര്യയെ കുത്തിക്കൊന്ന കേസ് : ഭര്‍ത്താവിന് ജീവപര്യന്തവും 5 ലക്ഷംരൂപ പിഴയും ശിക്ഷവിധിച്ച് മാനന്തവാടി സ്‌പെഷ്യല്‍ സെഷന്‍സ് കോടതി
മാനന്തവാടി : തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിന് സമീപത്തെ കൊറ്റന്‍കോട് ചന്ദ്രിക കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഇരിട്ടി കിളിയന്തറ പാറക്കണ്ടിപറമ്പില്‍ പി.കെ അശോകനെ (48) ന് ജീവപര്യന്തം ശിക്ഷയും, 5 ലക്ഷം രൂപ പിഴയും വിധിച്ചു. മാനന്തവാടി സ്‌പെഷ്യല്‍ ആന്റ് അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.ടി പ്രകാശനാണ് ശിക്ഷ വിധിച്ചത്. അന്നത്തെ തിരുനെല്ലി എസ്.എച്ച്.ഒ രജീഷ് തെരുവത്ത് പീടികയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോഷി മുണ്ടക്കല്‍ ഹാജരായി.
2019 മെയ് 05- നായിരുന്നു സംഭവം. രാത്രി ഭക്ഷണം കഴിച്ച് കൈ കഴുകാനായി വീടിന് പുറത്തിറങ്ങിയ ചന്ദ്രികയെ ഒളിഞ്ഞിരുന്ന അശോകന്‍ കത്തിവെച്ച് കുത്തുകയായിരുന്നു. തുടര്‍ന്ന് ചന്ദ്രികയെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുടുംബ പ്രശ്‌നങ്ങള്‍ മൂലം അശോകനും ചന്ദ്രികയും ഏറെ നാളായി അകന്ന് താമസിക്കുകയായിരുന്നു. ഇടയ്ക്കിടെ അശോകന്‍ ചന്ദ്രികയുടെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. നിരന്തരം ഫോണില്‍ വിളിച്ചിട്ടും, നേരില്‍കാണാന്‍ അനുവദിക്കാതെയും ചന്ദ്രിക അകന്നുമാറിയതിന്റെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നായിരുന്നു അശോകന്‍ പൊലീസിന് നല്‍കിയ മൊഴി.
സംഭവം നടന്ന അന്ന് ഇരിട്ടിയില്‍ നിന്നും മാനന്തവാടിയിലെത്തിയ അശോകന്‍ മൈസൂര്‍ റോഡിലെ കടയില്‍ നിന്നും കറിക്കത്തി വാങ്ങിയ ശേഷം ബസില്‍ കയറി തോല്‍പ്പെട്ടിയിൽ എത്തുകയായിരുന്നു. രാത്രിയോടെ വീടിന്റെ പുറകിലെത്തി ഒളിച്ചിരുന്ന് പാത്രം കഴുകാനെത്തിയ ചന്ദ്രികയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു.
18 വര്‍ഷത്തെ കുടുംബ ജീവിതത്തിനിടയില്‍ ഭര്‍ത്താവില്‍ നിന്നും നിരന്തരമായ പീഡനമേല്‍ക്കേണ്ടി വന്ന ചന്ദ്രിക മക്കളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് താമസം മാറിയതിന് ശേഷമായിരുന്നു സംഭവം. തുടര്‍ന്ന് ഫോണിലും മറ്റും വിളിക്കാന്‍ അശോകന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പല രീതിയില്‍ ചന്ദ്രികയോട് സംസാരിക്കാനും, നേരില്‍ കാണാനും ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ അശോകന് വൈരാഗ്യം കൂടുകയായിരുന്നു. കൊലപാതകത്തിന് മുന്‍പ് ഒരു ദിവസം ചന്ദ്രികയുടെ വീട്ടിലെത്തി വധഭീഷണി മുഴക്കിയ അശോകനെ തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.