കീഞ്ഞുകടവിലെ മാലിന്യ കേന്ദ്രത്തിൽ വൻ തീപിടിത്തം
പനമരം : പനമരം കീഞ്ഞുകടവിലെ മാലിന്യശേഖരണ കേന്ദ്രത്തിന് തീ പിടിച്ചു. ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമ്മ സേനകൾ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ സൂക്ഷിക്കുന്ന കീഞ്ഞുകടവിലെ മാലിന്യ കേന്ദ്രത്തിലാണ് വൻ തീപിടുത്തം ഉണ്ടായത്.
വെള്ളിയാഴ്‌ച രാത്രി ഒൻപത് മണിയോടെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോയി നോക്കിയപ്പോയാണ് തീപിടുത്തം ഉണ്ടായതറിയുന്നത്. ഇവിടം ടമ്പ് ചെയ്ത പ്ലാസ്റ്റിക്കിന് തീ പിടിക്കുകയായിരുന്നു.
ഉടൻ പനമരം പോലീസ് സ്ഥലത്തെത്തി. മാനന്തവാടിയിൽ നിന്നും മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സംഘവും സ്ഥലത്തെത്തി നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ട് തീയണയ്ക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്. തീപിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.
ജനവാസകേന്ദ്രവും പ്രളയബാധിത പ്രദേശവുമായ പനമരം വലിയ പുഴയോരത്തെ കീഞ്ഞുകടവിൽ മാലിന്യം തള്ളുന്നത് ഏറെ വിവാദമായിരുന്നു. നാട്ടുകാർ മാലിന്യവുമായെത്തിയ വാഹനം മൂന്ന് തവണതടയുകയും ചെയ്തിരുന്നു. കഴിഞ്ഞമാസം വാഹനം തടയാൻ എത്തിയ ആറുപേരെ പനമരം പോലീസ് അറസ്റ്റു ചെയ്ത് നീക്കുകയും ചെയ്തിരുന്നു. പിന്നീട് പഞ്ചായത്ത് ഹാളിൽ സർവ്വകക്ഷി യോഗം ചേർന്ന് ഇവിടം മാലിന്യം തള്ളുന്നത് നിർത്തലാക്കിരുന്നു. എന്നാൽ മാലിന്യം സൂക്ഷിക്കാൻ ഇടമില്ലാതെ വന്നതോടെ പഞ്ചായത്ത് അധികൃതർ ദിവസങ്ങൾക്ക് ശേഷം വീണ്ടും പോലീസ് അകമ്പടിയോടെ കീഞ്ഞുകടവിൽ തന്നെ മാലിന്യം എത്തിക്കുകയായിരുന്നു. ഈ പ്രശ്നം രൂക്ഷമായിരിക്കെയാണ് തീപിടുത്തവും ഉണ്ടാകുന്നത്.
ചിത്രം : പനമരം കീഞ്ഞുകടവിലെ മാലിന്യ കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തം