ഇനി പനമരത്തെത്തുന്നവർക്ക് മൂക്കുപൊത്താതെ ശങ്ക തീർക്കാം : പഞ്ചായത്ത് ക്ലോക്ക് റൂം നവീകരിച്ചു
പനമരം : ഇനി പനമരത്തെത്തുന്നവർക്ക് മൂക്കുപൊത്താതെ ശങ്ക തീർക്കാം. പനമരം ബസ് സ്റ്റാൻഡിന് പുറകിലെ പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ നവീകരിച്ചു. ഇതോടെ പനമരം ടൗണിലെ ഏക പൊതു ശൗചാലയത്തിന്റെ പരിതാപാവസ്ഥയ്ക്ക് പരിഹാരമായി. ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ച് 20 ലക്ഷം രൂപ ചെലവഴിച്ചാണ് നിലവിലെ ക്ലോക്ക് റൂം പൂർണ്ണമായും മാറ്റി നിർമിച്ചത്. അപ്സ്റ്റയർ ഒരുക്കി വനിതകൾക്കായി പുതിയ ടോയ്ലറ്റ് സംവിധാനവും ഫീഡിംഗ് റൂം സൗകര്യങ്ങളും ഏർപ്പെടുത്തി. താഴെ പുരുഷൻമാർക്കുള്ള ടോയ്ലെറ്റ് സംവിധാനം പുതുക്കി. മുകളിൽ ഡോർമെറ്ററി, രണ്ട് കഫ്ത്തീരിയ അടക്കമുള്ള നൂതന സംവിധാനങ്ങൾ ഉൾപ്പെടുത്തി ടൈക്ക് എ ബ്രേക്ക് മാതൃകയിലാണ് നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. കൂടാതെ പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന ബസ് സ്റ്റാൻഡിനകത്തെ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ നവീകരണവും ഇതോടൊപ്പം പൂർത്തിയാക്കി. കംഫർട്ട് സ്റ്റേഷന് മുമ്പിൽ ടു- വീലർ പേ പാർക്കിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
കാലങ്ങളോളമായി പനമരത്തെ പൊതു ശൗചാലയം ശോചനീയാവസ്ഥയിലായിരുന്നു. പൈപ്പ് പൊട്ടി മലമൂത്ര വിസർജ്യം പരിസരത്തൂടെ ഒഴുകുന്നതും ക്ലോസറ്റിൽ വിസർജ്യം തളം കെട്ടുന്നതും സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുന്നതുമെല്ലാം നിത്യസംഭവമായിരുന്നു. ഇതോടെ കെട്ടിടത്തിന് പുറത്തായിരുന്നു പലരും ശങ്ക തീർത്തിരുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇവിടെ കൊണ്ടിടുന്നതും പതിവായിരുന്നു. പലകുറി പണം മുടക്കി പഞ്ചായത്ത് ക്ലോക്ക് റൂമിന്റെ നവീകരണം നടത്തിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ ശോച്യാവസ്ഥയിലേക്ക് പോവുകയായിരുന്നു. കംഫർട്ട് സ്റ്റേഷൻ മാസങ്ങളോളം അടച്ചിട്ട് നവീകരിക്കുകയും തുറക്കുന്നതും പതിവായിരുന്നു. എന്നാൽ ഇക്കുറി കെട്ടിടത്തിന്റെ മുഖച്ഛായ മാറ്റിയുള്ള നവീകരണമാണ് നടന്നിട്ടുള്ളത്. ഇതെങ്കിലും ശാശ്വത പരിഹാരം ആവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
പനമരം ടൗണിൽ പൊതുശൗചാലയം പണിതതു മുതൽ പ്രശ്നങ്ങളായിരുന്നു. ഇതിനകത്ത് കയറാൻ പോലും ആളുകൾ മടിക്കുന്ന അവസ്ഥയായിരുന്നു. ഏഴു വർഷം മുമ്പ് ഒറ്റനിലയിൽ പ്രവർത്തിച്ചിരുന്ന പനമരം ടൗണിലെ പൊതുശൗചാലയം കാൽ കോടിയോളം രൂപ മുടക്കി പഞ്ചായത്ത് പുതുക്കിപണിതിരുന്നു. രണ്ട് നില കെട്ടിടത്തിൽ താഴെ കംഫർട്ട് സ്റ്റേഷനും മുകളിൽ ജലനിധിയുടെ ഓഫീസുമായിരുന്നു ഉണ്ടായിരുന്നത്. ഈ ഓഫീസ് മാറ്റിയാണ് ഡോർമെറ്ററി സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. വയൽ പ്രദശത്ത് പ്രത്രേക രീതിയിൽ തറ നിർമിച്ചാണ് പുതിയ കെട്ടിടം അന്ന് പണിതത്. എന്നാൽ അത് വേണ്ടത്ര ഗുണം ചെയ്തില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.
പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ നവീകരിച്ച ക്ലോക്ക് റൂം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.ടി സുബൈർ, സ്ഥിരം സമിതിയംഗം ഷീമ മാനുവൽ, വാര്‍ഡംഗങ്ങളായ അനീറ്റ ഫിലിക്സ്, കെ.ശാന്ത, ലക്ഷ്മി ആലക്കമുറ്റം, പി.സി അജിത് എന്നിവരും, എം.സി. സെബാസ്റ്റ്യൻ, കെ.ടി ഇസ്മയിൽ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രജനി ജെനീഷ്, വൈസ് ചെയര്‍പേഴ്സണ്‍ ജാനകി ബാബു തുടങ്ങിയവർ സംസാരിച്ചു.