ബസ് യാത്രക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി : സഹയാത്രികന്‍ അറസ്റ്റില്‍
തിരുനെല്ലി : ബസ് യാത്രികയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സഹയാത്രികനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരം മലപ്പുറം പൊന്നാനി സ്വദേശിയായ ഫൈസല്‍ (49) നെയാണ് തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സില്‍ വെച്ചായിരുന്നു പരാതിക്കിടയായ സംഭവം. സീറ്റില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ ശരീര ഭാഗത്ത് സമീപ സീറ്റിലുണ്ടായിരുന്ന ഫൈസല്‍ പിടിച്ചതായാണ് പരാതി. ആദ്യം യുവതി താക്കീത് നല്‍കിയെങ്കിലും, പിന്നീടും ഇയാള്‍ സമാന രീതിയില്‍ പെരുമാറിയതായാണ് പരാതി. ഇതിനെ തുടര്‍ന്ന് യുവതി ബസ് ജീവനക്കാരെ കാര്യം ധരിപ്പിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കും.