നിരീക്ഷണം ശക്തമാക്കിയിട്ടും രക്ഷയില്ല ; മക്കിമലയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി
മാനന്തവാടി : തലപ്പുഴ മക്കിമലയില്‍ സായുധ മാവോയിസ്റ്റ് സംഘമെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയ മലയില്‍ നിന്നും രണ്ട് കിലോമീറ്ററോളം മാറിയുള്ള മക്കിമലയിലെ നിര്‍മ്മാണത്തിലിരിക്കുന്ന ജംഗിള്‍ വ്യൂ റിസോര്‍ട്ട് പരിസരത്താണ് മാവോയിസ്റ്റുകളെത്തിയത്. മൂന്ന് പേരാണ് വന്നതെന്നാണ് പ്രാഥമിക വിവരം. ഏഴ് മണിയോടെ എത്തിയ സംഘം എട്ടര വരെ ചിലവഴിച്ചതായും, പലവ്യഞ്ജനങ്ങള്‍ വാങ്ങി തിരികെ മടങ്ങിയതായും പറയുന്നു. റിസോര്‍ട്ടിലെ ജീവനക്കാരന്റെ മൊബൈലില്‍ നിന്നും വാര്‍ത്താക്കുറിപ്പ് മാധ്യമ പ്രവര്‍ത്തകര്‍ക്കയക്കുകയും ചെയ്തു. റിസോര്‍ട്ടിന് താഴെയുള്ള തൊഴിലാളികള്‍ താമസിച്ചിരുന്ന പാടിയിലാണ് സംഘമെത്തിയതെന്നാണ് പറയുന്നത്. ജീവനക്കാരന്റെ ഫോണില്‍ നിന്നും മാധ്യമങ്ങള്‍ക്ക് വാര്‍ത്താകുറിപ്പ് അയച്ച ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ ഫോണ്‍ അറ്റന്റ് ചെയ്യാന്‍ പാടുള്ളൂവെന്ന നിര്‍ദേശം നല്‍കി സംഘം മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രോണും, ഹെലികോപ്ടറും ഉള്‍പ്പെടെ ഉപയോഗിച്ച് നിരീക്ഷണം നടത്തിയിട്ടും വീണ്ടും മാവോയിസ്റ്റുകള്‍ വന്നത് പോലീസിന് ഏറെ തലവേദനയുണ്ടാക്കുമെന്നുറപ്പാണ്.
കമ്പമലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ട് പേജുള്ള വാര്‍ത്താ കുറിപ്പ് അയച്ചിരിക്കുന്നത്. തൊഴിലാളി പക്ഷം നിന്ന് മാവോയിസ്റ്റുകള്‍ ഉയര്‍ത്തിയ വിഷയങ്ങളോട് രാഷ്ട്രീയ പ്രതികരണം നടത്തുന്നില്ല. തണ്ടര്‍ബോള്‍ട്ടും പൊലീസും പാടികളില്‍ കയറിയിറങ്ങി തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നു. തരംതാണ നുണ പ്രചരണമാണ് എസ്റ്റേറ്റ് മാനേജ്‌മെന്റും തൊഴിലാളി സംഘടനകളും നടത്തുന്നതെന്നും ആരോപണമുണ്ട്. സിപിഎം നേതാക്കള്‍ തൊഴിലാളിയോഗം വിളിച്ച് തെറ്റിധാരണ പരത്തുന്നു. സികെ ശശീന്ദ്രനും പി ഗഗാറിനുമെതിരെയാണ് പരാമര്‍ശം. ചില തൊഴിലാളികളെ ഭയപ്പെടുത്തി സിഐടിയും സംഘപരിവാര്‍ സംഘടനയും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം പണിമുടക്കിയത്. 40 വര്‍ഷക്കാലമായി തൊഴിലാളികളെ വഞ്ചിച്ചവരാണ് പണിമുടക്കിയത്. ഭയംകൊണ്ടാണ് തൊഴിലാളികള്‍ സമരത്തിന് നിന്ന് കൊടുത്തത്. തൊഴിലാളികളെ അടര്‍ത്തിമാറ്റി മാനേജ്‌മെന്റിന് വിടുപണി ചെയ്യുകയാണ് മാനേജ്‌മെന്റുകള്‍. പൊലീസും തണ്ടര്‍ബോള്‍ട്ടും തൊഴിലാളികളെ ഭയപ്പെടുത്തുകയാണ്. പാടികളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത് തൊഴിലാളികളെ സൈനിക വലയത്തിലാക്കാനാണ്. സിപിഐ മാവോയിസ്റ്റ് കബനി ഏരിയാസമിതിയുടെ പേരിലുള്ള വാര്‍ത്താ കുറിപ്പ് അവസാനിക്കുന്നത് മാവോയിസ്റ്റ് പോരാട്ടങ്ങളെ പിന്തുണയ്ക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ്.