തോണിച്ചാലില്‍ കടയുടെ പൂട്ട് തകര്‍ത്ത് മോഷണം ; ഒൻപത് ചാക്ക് കുരുമുളക് കവർന്നു
മാനന്തവാടി : തോണിച്ചാലില്‍ കടയുടെ പൂട്ട് തകര്‍ത്ത് മോഷണം. തോണിച്ചാലിലുള്ള എന്‍.പി ബനാന ഏജന്‍സിയിലാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ മോഷണം നടന്നത്.
ഒൻപത് ചാക്ക് കുരുമുളക് മോഷണം പോയതായി ഉടമ എന്‍.പി ബിജു പറഞ്ഞു. 21 ചാക്ക് കുരുമുളകും, അര ചാക്ക് കാപ്പിയുമാണ് കടയിലുണ്ടായിരുന്നത്. ഇതില്‍ 9 ചാക്ക് കുരുമുളകാണ് നഷ്ട്ടപ്പെട്ടത്. മേശയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടില്ല. ജീവനക്കാരന്‍ കട തുറക്കുന്നതിനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നതെന്നും, നിലവിലെ വിലയനുസരിച്ച് രണ്ട് ലക്ഷത്തില്‍പരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായും ബിജു പറഞ്ഞു.
മാനന്തവാടി എസ്.എച്ച്.ഒ എം.എം അബ്ദുള്‍ കരീം, എസ്.ഐ കെ.കെ സോബിന്‍, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി ടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.