കുറുക്കൻമൂലയിൽ മാനിറച്ചിയുമായി രണ്ടുപേർ പിടിയില്‍
മാനന്തവാടി : മാനിനെ കെണി വെച്ച് പിടികൂടി കൊന്ന് പാചകം ചെയ്യാനുള്ള ശ്രമത്തിനിടെ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. കുറുക്കന്‍മൂല കളപ്പുരക്കല്‍ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചന്‍ എന്നിവരാണ് പിടിയിലായത്.
56 കിലോയോളം ഇറച്ചിയും, കശാപ്പ് ചെയ്യാന്‍ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ബേഗൂര്‍ റെയിഞ്ചിന് കീഴില്‍ തൃശിലേരി സെക്ഷന്‍ പരിധിയിലെ താഴെ കുറുക്കന്‍മൂലക്ക് സമീപം തോമസിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിന് സമീപത്തെ വനമേഖലയിലാണ് കെണി വെച്ചിരുന്നത്. ഇന്ന് രാവിലെയാണ് മാന്‍ കുടുങ്ങിയത്. കൂട്ട് പ്രതികളായ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലെ താല്‍ക്കാലിക ജീവനക്കാരനായ ചന്ദ്രന്‍, കുര്യന്‍ എന്ന റെജി എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കല്‍പ്പറ്റ ഫ്‌ളയിംഗ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശിലേരി വനം വകുപ്പ് സെക്ഷന്‍ ഓഫീസ് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മാനിറച്ചി പിടികൂടിയത്.
ബേഗൂര്‍ റെയിഞ്ച് ഓഫീസര്‍ കെ.കെ രാഗേഷ്, തൃശി ലേരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാര്‍, പ്രൊബേഷന്‍ റെയിഞ്ച് ഓഫീസര്‍ സനൂപ് കൃഷ്ണന്‍, ബി എഫ് ഒമാരായ ശരണ്യ, നവീന്‍, വാച്ചര്‍മാരായ നന്ദന്‍, രാജേഷ്, അറുമുഖന്‍ എന്നിവരടങ്ങിയ സംഘമാണ് മാനിറച്ചി പിടികൂടിയത്.