നെല്ലിയമ്പം മഹല്ല് കമ്മിറ്റിയുടെ നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണമൊരുക്കി ക്ഷേത്ര കമ്മിറ്റി
പനമരം : മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി നെല്ലിയമ്പം ഖുവ്വത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മത പ്രഭാഷണ സംഗമവും നബിദിന റാലിയും സംഘടിപ്പിച്ചു. ദഫ് മുട്ടിന്റെ അകമ്പടിയോടെ പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങൾ അണിനിരന്ന പരിപാടിയിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തും പ്രവാച പ്രകീർത്തനങ്ങൾ ഉരുവിട്ടും ഘോഷയാത്രയ്ക്ക് പകിട്ടേറി.
മാനവ സൗഹൃദ സന്ദേശം വിളിച്ചോതുന്ന തരത്തിൽ കാവടം ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി നൽകിയ സ്വീകരണം ശ്രദ്ധേയമായി. സനാതന ധർമ്മവും ഇസ്ലാമിക സംസ്കാരവും ദൈവത്വത്തിൻെറ അസ്ഥിത്വം സ്ഥിരപ്പെടുത്തുന്നതാണെന്നും മതങ്ങൾക്കിടയിൽ മതിലുകൾ കെട്ടി സാമുഹ്യ സ്പർദ്ധയുണ്ടാക്കുന്നവർ ഇരുട്ടിന്റെ ശക്തികളാണെന്നും ആശംസകൾ നേർന്നു കൊണ്ട് ക്ഷേത്രം പ്രസിഡണ്ട് നാരായണനമ്പ്യാർ, ജനറൽ സെക്രട്ടറി എൻ.രാജീവൻ തുടങ്ങിയവർ പ്രസ്ഥാവിച്ചു.
രാജ്യത്ത് നടക്കുന്ന മത തീവ്രവാദ പ്രവർത്തനങ്ങൾ മഹിതമായ ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളികളാണെന്നും മതങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി നിർത്തി ഇന്ത്യയുടെ ബഹുസ്വരതയെ കണ്ണിലെ കൃഷ്ണമണി പോലെ എന്നെന്നും കാത്തുസൂക്ഷിക്കണമെന്നും അതിനായി വിശ്വാസികൾ ദൃഢപ്രതിജ്ഞ ചെയ്യണമെന്നു അഭ്യർത്ഥിച്ചു കൊണ്ട് സ്വീകരണം മേറ്റുവാങ്ങി മഹല്ല് പ്രസിഡണ്ട് യാഹു തടിയംകോളിൽ, കീടക്കാട് അബ്ദുൾ ഗഫൂർ, മഹല്ല് ഖത്തീബ് സഈദ് ഫൈസി തുടങ്ങിയവർ സംസാരിച്ചു.
ഘോഷയാത്രയിൽ താഴയിൽ യൂസഫ് ഹാജി, താഴയിൽ അബുബക്കർ, ഷാജഹാൻ കുട്ടാടൻ പാടൻ, അബ്ദുൾ ലത്തീഫ് കളത്തിൽ, മുജീബ് കാക്കറത്ത്, മുസ്തഫ വട്ടപറമ്പൻ , എസ്.എം റസാഖ്, സി.കെ കുഞ്ഞിമൂസ,ശംസുദ്ദീൻ പള്ളിക്കര, അമ്പായത്തിങ്ങൽ മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.