September 20, 2024

പനമരത്തും പരിസരത്തും അടയ്ക്ക മോഷണം വ്യാപകം : കർഷകരും പാട്ടക്കാരും ദുരിതത്തിൽ

1 min read
Share

 

പനമരം : പനമരത്തെ പരിസര പ്രദേശങ്ങളായ എരനെല്ലൂർ, മേച്ചരി പുളിക്കൽ ഭാഗങ്ങളിൽ അടയ്ക്ക മോഷണം വ്യാപകമാവുന്നത് കർഷകരെയും പാട്ടക്കാരെയും ദുരിതത്തിലാക്കുന്നു. അടയ്ക്ക വിളവെടുപ്പിന് പാകമായതും നല്ലവിലയുള്ളതും മോഷണം തുടർക്കഥയാക്കാൻ ഇടയാക്കുന്നതായി കർഷകർ പറയുന്നു.

 

ഒരാഴ്ചയായി എരനെല്ലൂർ, മേച്ചരി പുളിക്കൽ പ്രദേശങ്ങളിൽ അടയ്ക്ക മോഷണം വ്യാപകമായി തുടരുകയാണ്. കൃഷിയിടങ്ങളിൽ എത്തുന്ന മോഷ്ടാക്കൾ ചാക്കുകളിലാണ് അടയ്ക്ക കടത്തുന്നത്. കഴിഞ്ഞ ദിവസം എരനെല്ലൂരിലെ സ്വകാര്യ തോട്ടത്തിൽ രണ്ട് ചാക്ക് അടയ്ക്ക നിറച്ച് വില്പനയ്ക്കായി കൊണ്ടുപോവാൻ പാകത്തിന് തയ്യാറാക്കി വച്ച നിലയിൽ കണ്ടെത്തി. ഇതേത്തുടർന്ന് സമീപത്തെ തോട്ടങ്ങളിൽ കർഷകരും പാട്ടത്തിനെടുത്തവരും ചേർന്ന് പരിശോധിച്ചപ്പോൾ കവുങ്ങുകളിൽ അടയ്ക്ക വ്യാപകമായി കുറഞ്ഞതായും കണ്ടെത്തി. കഴിഞ്ഞ ആഴ്ച പ്രദേശത്ത് അടയ്ക്ക മോഷ്ടിക്കുന്നതിനിടെ യുവാവ് പാട്ടക്കാരന്റെ കണ്ണിൽപ്പെട്ടിരുന്നു.

താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. തിങ്കളാഴ്ച മേച്ചേരി ഭാഗത്ത് നാല് ചാക്ക് അടയ്ക്ക കളവു പോയതായും കണ്ടെത്തി. കർഷകർ പരാതിപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച പനമരം പോലീസ് തോട്ടങ്ങളിൽ എത്തി പരിശോധിച്ചിട്ടുണ്ട്.

 

വലിയ സംഘം തന്നെ അടയ്ക്ക മോഷണത്തിന് പിന്നിൽ ഉണ്ടെന്നാണ് പാട്ട കച്ചവടക്കാർ പറയുന്നത്. നിലവിൽ 150 – 160 രൂപ വരെയാണ് പൈങ്ങയുടെ കിലോഗ്രാം വില. തൊണ്ടിന് 43 മുതൽ 45 വരെ ലഭിക്കും. മോഷ്ടിച്ച് വരുന്നതാണെന്ന് അറിഞ്ഞിട്ടും വ്യാപാരികൾ അടയ്ക്ക എടുക്കുന്നതാണ് കളവ് അധികരിക്കാൻ കാരണമെന്നും ഇവർ കുറ്റപ്പെടുത്തുന്നു. പകുതി വിലയ്ക്ക് മോഷണ മുതൽ എടുത്ത് കച്ചവടം നടത്തി വൻ ലാഭം കൊയ്യുകയാണ് വ്യാപാരികളെന്നും പാട്ടക്കച്ചവടക്കാർ ആരോപിച്ചു.

 

ചീക്കല്ലൂർ, പുഞ്ചവയൽ, മേച്ചേരി ഭാഗങ്ങളിൽ രണ്ടുവർഷം മുമ്പ് അടയ്ക്ക മോഷണം പതിവായിരുന്നു. രൂക്ഷമായതോടെ ചീക്കല്ലൂരിൽ താക്കീത് നൽകിയുള്ള ബാനറുകളും കർഷകർ സ്ഥാപിച്ചിരുന്നു. പിന്നീട് പോലീസ് ഇടപെട്ടതോടെ മോഷണ മുതൽ വ്യാപാരികൾ എടുക്കാറില്ലായിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അടയ്ക്ക മോഷണം പതിവായത് കർഷകർക്ക് വലിയ പ്രയാസ്സം ഉണ്ടാക്കുയാണ്. മഹാളി, കൂമ്പുചീയൽ, മഞ്ഞളിപ്പ് തുടങ്ങി രോഗ ബാധകൾ അധികരിച്ചതോടെ കവുങ്ങുകളിൽ വിളവെടുപ്പ് കുത്തനെ താഴ്ന്നിട്ടുണ്ട്. അതിനാൽ ഉള്ള അടയ്ക്ക സംരക്ഷിക്കാൻ മൂന്നു തവണ മരുന്നടിക്കാനും മറ്റുമായി ഭീമമായ തുകയാണ് ചിലവ്. ഇതിനിടെയാണ് മോഷണവും ഇരട്ടപ്രഹരമാവുന്നത്. ഇപ്പോൾ രാപ്പകൽ വ്യത്യാസമില്ലാതെ കൃഷിയിടങ്ങളിൽ കാവൽ നിൽക്കേണ്ട ഗതികേടിലാണ്. അതിനാൽ പോലീസ് നടപടികൾ ഊർജിതമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

 

ചിത്രം : എരനെല്ലൂരിലെ തോട്ടത്തിൽ നിന്നും മോഷ്ടിച്ച് കടത്താൻ ചാക്കിൽ കെട്ടിവച്ച അടയ്ക്ക

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.