കണ്ണോത്തുമല ജീപ്പപകടം: റോഡിൽ മതിയായ സുരക്ഷാസംവിധാനമില്ലെന്ന് സംയുക്തസംഘം
മാനന്തവാടി: കണ്ണോത്തുമല ജീപ്പപകടം നടന്ന റോഡിൽ മതിയായ സുരക്ഷാ സംവിധാനമില്ലെന്ന് സംയുക്ത സംഘത്തിന്റെ പരിശോധനയിൽ വിലയിരുത്തി. തവിഞ്ഞാൽ 43 – വാളാട് – കുഞ്ഞോം റോഡ് നവീകരിച്ചിട്ട് വർഷങ്ങളായെങ്കിലും റോഡിൽ ഇപ്പോഴും മതിയായ സുരക്ഷാസംവിധാനമില്ല. റോഡിൽ ഇടവിട്ട് പലഭാഗങ്ങളിലും സുരക്ഷാവേലി നിർമിക്കാനുണ്ട്. പലയിടത്തും റോഡിന്റെ ഇടതും വലതും വശം താഴ്ചയുണ്ട്. ഗതാഗതത്തിന് നല്ല റോഡായതിനാൽ വാഹനങ്ങൾ മിക്കപ്പോഴും അതിവേഗത്തിലാണ് സഞ്ചരിക്കുന്നത്.
മാനന്തവാടി-തലശ്ശേരി റോഡിലെ തവിഞ്ഞാൽ 43-ൽനിന്ന് 600 മീറ്റർ ദൂരമേ അപകടം നടന്ന സ്ഥലത്തേക്കുള്ളൂ. വാളാട് റോഡിലെ വെൺമണിയിൽനിന്ന് അല്പം മാറി കൊടുംവളവിലാണ് അപകടമുണ്ടായത്. വളവിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞുവരേണ്ട വാഹനം വലത്തേക്കു തിരിഞ്ഞ് സമീപത്തുണ്ടായിരുന്ന കോൺക്രീറ്റ് ബീമിൽ തട്ടി നിയന്ത്രണം വിട്ട് പിന്നോട്ടേക്കു മറിയുകയായിരുന്നുവെന്നാണ് നിഗമനം. താഴ്ചയിലേക്കു മറിഞ്ഞ ജീപ്പ് വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള തോട്ടിലേക്കാണ് പതിച്ചത്. ഇവിടെ നിറയെ ഉരുളൻകല്ലുകളായിരുന്നു. മരിച്ചവർക്കും പരിക്കേറ്റവർക്കും കൂടുതലായും തലയ്ക്കാണ് പരിക്ക്.