കണ്ണോത്ത് മലയിലെ അപകടം : മരിച്ച 9 പേരിൽ ആറും സ്ത്രീകൾ
തലപ്പുഴ : കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ 6 സ്ത്രീകൾ. മരിച്ച ഒമ്പത് തോട്ടം തൊഴിലാളികളിൽ 6 പേരെ തിരിച്ചറിഞ്ഞു. ആറാം നമ്പർ ഭാഗത്തെ തോട്ടം തൊഴിലാളികളായ റാണി, ശാന്തി, ചിന്നമ്മ, ലീല, റാബിയ, ഷീജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
നിയന്ത്രണം വിട്ട ജീപ്പ് 25 മീറ്റർ താഴ്ചയിലേക്ക് പതിച്ച് അരുവിയിലെ കല്ലുകളിലേക്ക് മറിഞ്ഞത് അപകടം ഗുരുതരമാക്കി. ദീപു ട്രേഡിങ് കമ്പനിയുടേതാണ് അപകടത്തിൽ പെട്ട ജീപ്പ്. വളവും ഇറക്കവും ഉള്ള റോഡിലാണ് അപകടം. വനം മന്ത്രി എ.കെ.ശശീന്ദ്രൻ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.